ഓവല്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയ ശക്തമായ നിലയിലേക്ക്. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 85 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 327 റണ്‍സ് എന്ന നിലയിയാണ് ഓസീസ്. സെഞ്ചുറി പിന്നിട്ട ട്രാവിസ് ഹെഡും (156 പന്തില്‍ 146*), സ്റ്റീവ് സ്‌മിത്തുമാണ് (227 പന്തില്‍ 95*) പുറത്താവാതെ നില്‍ക്കുന്നത്.
ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് ഷമിയ്‌ക്കും മുഹമ്മദ് സിറാജിനും സ്വിങ് ലഭിച്ചതോടെ ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാർണറും ഉസ്മാൻ ഖവാജയും പതിഞ്ഞാണ് തുടങ്ങിയത്. ഇതിന്‍റെ ഫലമായി നാലാം ഓവറിന്‍റെ നാലാം പന്തില്‍ ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ ലഭിച്ചു. ഉസ്മാൻ ഖവാജയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കാതെ മുഹമ്മദ് സിറാജാണ് തിരിച്ച് കയറ്റിയത്.
10 പന്തുകള്‍ നേരിട്ട ഖവാജയെ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത് പിടികൂടുകയായിരുന്നു. ഷമിയുടെയും സിറാജിന്‍റെയും ആദ്യ സ്പെല്‍ കഴിഞ്ഞതോടെയാണ് ഓസീസ് പതിയെ സ്‌കോറിങ് തുടങ്ങിയത്. ശാര്‍ദുല്‍ താക്കൂറിനെ പ്രതിരോധിച്ച് കളിച്ച ഓസീസ് താരങ്ങള്‍ ഉമേഷ് യാദവിനെ കടന്നാക്രമിച്ചു. ഉമേഷിന്‍റെ ഒരോവറില്‍ നാല് ബൗണ്ടറികളാണ് വാര്‍ണര്‍ കണ്ടെത്തിയത്.
മൂന്നാം നമ്പറിലെത്തിയ മാർനസ് ലബുഷെയ്‌നൊപ്പം ടീമിനെ മുന്നോട്ട് നയിക്കവെ 22-ാം ഓവറിന്‍റെ നാലാം പന്തിലാണ് ഡേവിഡ് വാര്‍ണര്‍ വീണത്. 60 പന്തില്‍ 43 റണ്‍സെടുത്ത വാര്‍ണറെ ശാര്‍ദുര്‍ താക്കൂറിന്‍റെ പന്തില്‍ മികച്ച ഒരു ക്യാച്ചിലൂടെ ശ്രീകര്‍ ഭരത് കയ്യില്‍ ഒതുക്കുകയായിരുന്നു. പിന്നീട് ഒന്നിച്ച ലബുഷെയ്‌നും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ലഞ്ചിന് പിരിയുമ്പോള്‍ കൂടുതല്‍ വിക്കറ്റ് നഷ്‌ടമില്ലാതെ ഓസീസിനെ 73 റണ്‍സില്‍ എത്തിച്ചു.