കേരളം

kerala

ETV Bharat / sports

ഗ്രാന്‍ഡ് ഫിനാലെ; സതാംപ്‌റ്റണില്‍ ക്ലാസിക്ക് പോരാട്ടം തുടങ്ങുന്നു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രഥമ ഫൈനല്‍ പോരാട്ടം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം.

wtc final news  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വാര്‍ത്ത  ടെസ്റ്റ് ഫൈനല്‍ വാര്‍ത്ത  test final news  കോലിയും കൂട്ടരും ഇറങ്ങുന്നു വാര്‍ത്ത  kohli and co play news
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വാര്‍ത്ത

By

Published : Jun 18, 2021, 10:37 AM IST

സതാംപ്‌റ്റണിലെ: ക്രിക്കറ്റിലെ ക്ലാസിക്ക് ഫൈനല്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ഇരു ശൈലികള്‍ തമ്മിലുള്ള പോരാട്ടമാകും. ഏത് വലിയ വെല്ലുവിളിയും സൗമ്യമായ ചിരിയോടെ നേരിടുന്ന കെയിന്‍ വില്യംസണും അവസാന നിമിഷം വരെ ആക്രമിച്ച് കളിക്കുന്ന വിരാട് കോലിയും തമ്മിലുള്ള ഫൈനല്‍. സതാംപ്‌റ്റണില്‍ വൈകീട്ട് മൂന്നിനാണ് പ്രഥമ ഫൈനല്‍ പോരാട്ടം.

കാലഹരണപ്പെട്ടെന്ന വിശേഷണമുള്ള ക്രിക്കറ്റിന്‍റെ ക്ലാസിക്ക് ഫോര്‍മാറ്റിന്‍റെ മുഖം മിനുക്കലായി മാറുകയാണ് ഇന്ന് തുടങ്ങുന്ന ഗ്രാന്‍ഡ് ഫൈനല്‍. രണ്ട് വര്‍ഷം നീണ്ടു നിന്ന ലീഗ് തല പോരാട്ടത്തിനൊടുവില്‍ ഇന്ത്യയും ന്യൂസിലന്‍ഡും പോയിന്‍റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. ഇനി ചാമ്പ്യന്‍മാരെ കണ്ടെത്താനുള്ള പോരാട്ടം. ‍സതാംപ്‌ടണിലെ ഏജീസ് ബൗളില്‍ അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരത്തില്‍ ഒരു ദിവസം മത്സരം മാറ്റിവെക്കേണ്ടി വന്നാല്‍ പ്രയോജനപ്പെടുത്താനായി റിസര്‍വ് ദിനവും അനുവദിച്ചിട്ടുണ്ട്.

പ്രതീക്ഷയോടെ ടീം ഇന്ത്യ

രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടിലാണ് നായകന്‍ കോലി പ്രതീക്ഷ വെച്ചിരിക്കുന്നത്. ദീര്‍ഘമായ ഇന്നിങ്‌സുകള്‍ക്ക് ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനയും കോലിക്കൊപ്പമുണ്ട്. മധ്യനിരയില്‍ വിശ്വസ്‌തരായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ റിഷഭ് പന്തും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും പതിനൊന്നാമന്‍ മുഹമ്മദ് ഷമി ഉള്‍പ്പെടെ ബാറ്റെടുത്ത് അങ്കം നടത്താന്‍ ശക്തിയുള്ളവര്‍. ബൗളിങ് ഡിപ്പാര്‍ട്ടുമെന്‍റിലും ഇന്ത്യന്‍ നിര ശക്തം. മൂന്ന് പേസര്‍മാരും ഒരു സ്‌പന്നറും ഓള്‍ റൗണ്ട് പെര്‍ഫോമന്‍സുമായി രവീന്ദ്ര ജഡേജയും ഉള്‍പ്പെടുന്നതാണ് ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റ്. പരിചയ സമ്പന്നരായ മൂന്ന് പേസര്‍മാരാണ് ഇന്ത്യയുടെ കരുത്ത്. മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും ജസ്‌പ്രീത് ബുമ്രയും അടങ്ങുന്നതാണ് ഇന്ത്യയുടെ പേസ്‌ നിര.

എറിഞ്ഞിടാൻ കിവീസ്

കിവീസ് അന്തിമ ഇലവനെ പ്രഖ്യാപിച്ചില്ലെങ്കിലും ശക്തമാണ് ട്രെന്‍ഡ് ബോള്‍ട്ട് നയിക്കുന്ന കിവീസിന്‍റെ പേസ് നിര. ബോള്‍ട്ടിനെ കൂടാതെ ടിം സൗത്തി, നീല്‍ വാഗ്‌നർ, കെയ്‌ല്‍ ജാമിസൺ, മാറ്റ്‌ഹെൻട്രി തുടങ്ങിയവര്‍ ഉള്‍പ്പെടെ പേസ് നിരയില്‍ ആരെല്ലാം അന്തിമ ഇലവനില്‍ ഉണ്ടാകുമെന്നാണ് ഇനി അറിയേണ്ടതുള്ളത്.

ന്യൂസിലന്‍ഡിനെതിരെ അഞ്ച് ടെസ്റ്റുകളില്‍ വിരാട് കോലി ഇന്ത്യയെ നയിച്ചു. ടോസ് നേടിയ മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ പരാജയം രുചിച്ചു. 2019 അവസാനം ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പര ടീം ഇന്ത്യക്ക് നഷ്‌ടമായിരുന്നു. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കിവീസ് തൂത്തുവാരി. അതിന് ശേഷം ഇരു ടീമുകളും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്.

കോലി കപ്പടിക്കുമോ

2011ലെ ലോകകപ്പ് ജയത്തിന് ശേഷം പ്രമുഖ ടൂര്‍ണമെന്‍റില്‍ കപ്പടിക്കാനുള്ള അവസരമാണ് വിരാട് കോലിക്കും കൂട്ടര്‍ക്കും ലഭിച്ചിരിക്കുന്നത്. നായകനെന്ന നിലയില്‍ ഇതേവരെ കോലിക്കും വമ്പന്‍ ടൂര്‍ണമെന്‍റില്‍ കപ്പുയര്‍ത്താന്‍ സാധിച്ചിട്ടില്ല. ഇത്തവണ കിവീസിനെ തകര്‍ക്കാനായാല്‍ കോലിക്കും കൂട്ടര്‍ക്കും ഏജീസ് ബൗളില്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാം. കൂടാതെ വ്യക്തിഗത നേട്ടങ്ങള്‍ക്കപ്പുറം ക്യാപ്‌റ്റനെന്ന നിലയില്‍ രാജ്യത്തിന് വമ്പന്‍ നേട്ടങ്ങളുണ്ടാക്കി വിമര്‍ശകരുടെ വായടപ്പിക്കാനും സാധിക്കും.

കിവീസിനും കപ്പടിക്കണം

മറുഭാഗത്ത് കിവീസിന് പ്രമുഖ ടൂര്‍ണമെന്‍റില്‍ ആദ്യമായി കപ്പുയര്‍ത്താനുള്ള അവസരമാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്. നേരത്തെ ഇംഗ്ലണ്ടിനെതിരെ 2019ല്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ കെയിന്‍ വില്യംസണും കൂട്ടര്‍ക്കും കിരീടം നഷ്‌ടമായിരുന്നു. ആ അബദ്ധം ഇത്തണ ആവര്‍ത്തിക്കാതിരിക്കാനാകും അവരുടെ ശ്രമം.

ദിവസേന 4000 പേര്‍ റോസ് ബൗളില്‍

ഫൈനല്‍ പോരാട്ടം നേരില്‍ കാണാന്‍ ഓരോ ദിവസവും റോസ് ബൗള്‍ സ്റ്റേഡിയത്തിലേക്ക് 4000 പേര്‍ക്ക് പ്രവേശനം അനുവദിക്കും. സ്റ്റേഡിയത്തിന്‍റെ മൊത്തം സീറ്റുകളുടെ 25 ശതമാനമാണ് പ്രവേശനം. ഇംഗ്ലണ്ടിലെ നിലവിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

മഴ കളിക്കുമോ

സതാംപ്‌റ്റണില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന മഴ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. മഴയും അന്തരീക്ഷത്തിലെ ഈര്‍പ്പവും പിച്ചിന്‍റെ സ്വഭാവത്തെ സ്വാധീനിച്ചേക്കാം. കൂടാതെ ഔട്ട് ഫീല്‍ഡിനെയും അത് സ്വാധീനിക്കും. ഇതും ഇരു ടീമുകളെയും പരിശീലകരെയും ലോകം മുഴുവനുമുള്ള ക്രിക്കറ്റ് ആരാധകരെയും ആശങ്കയിലാക്കുന്നുണ്ട്. ഏറെ കാത്തിരുന്ന ഗ്രാന്‍ഡ് ഫിനാലെ മഴ കാരണം തടസപ്പെടുമോ എന്ന ആശങ്കയാണ് ക്രിക്കറ്റ് ആരാധകരുടെ മനസില്‍ നിറയുന്നത്.

ABOUT THE AUTHOR

...view details