ന്യൂഡല്‍ഹി: വെറ്ററന്‍ ക്രിക്കറ്റര്‍ വൃദ്ധിമാൻ സാഹയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മാധ്യമപ്രവർത്തകൻ ബോറിയ മജുംദാർ കുറ്റക്കാരനെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മജുംദാറിന് രണ്ട് വർഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതായും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സംഭവം അന്വേഷിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ ബിസിസിഐ അപെക്‌സ് കൗൺസിലാണ് നടപടിയെടുത്തത്.
വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല, ട്രഷറർ അരുൺ ധുമാല്‍, അപെക്‌സ് കൗൺസിൽ അംഗം പ്രഭ്‌തേജ് ഭാട്ടിയ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. "അദ്ദേഹത്തെ (മജുംദാറിനെ) സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കരുതെന്ന് ഞങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ എല്ലാ സംസ്ഥാന യൂണിറ്റുകളേയും അറിയിക്കും. ഹോം മത്സരങ്ങൾക്ക് അദ്ദേഹത്തിന് മീഡിയ അക്രഡിറ്റേഷൻ നൽകില്ല, കൂടാതെ അദ്ദേഹത്തെ കരിമ്പട്ടികയിൽ പെടുത്താൻ ഞങ്ങൾ ഐസിസിക്ക് കത്തെഴുതും. അദ്ദേഹവുമായി ഇടപഴകരുതെന്ന് കളിക്കാരോട് ആവശ്യപ്പെടും." ബിസിസിഐ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായി ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ അഭിമുഖത്തിനായി സമീപിച്ച മാധ്യമ പ്രവര്‍ത്തകന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സാഹ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. അനുകൂലമായി പ്രതികരിക്കാതിരുന്ന ഈ അപമാനം താന്‍ മറക്കില്ലെന്ന തരത്തിലാണ് മാധ്യമ പ്രവര്‍ത്തകന്‍റെ ഭീഷണി. ഇതിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം സാഹ ട്വീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു.