മുംബൈ: വനിത പ്രീമിയർ ലീഗിൽ വിജയം തുടർന്ന് മുംബൈ ഇന്ത്യൻസ്. ഡൽഹി കാപ്പിറ്റൽസിനെതിരെ എട്ട് വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. ഡൽഹിയുടെ താരതമ്യേന ചെറിയ ടോട്ടലായ 106 റണ്‍സ് പിന്തുടർന്നിറങ്ങിയ മുംബൈ 15 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. യാസ്‌തിക ഭാട്ടിയ, ഹെയ്‌ലി മാത്യൂസ് എന്നിവരുടെ തകർപ്പൻ ഇന്നിങ്‌സാണ് മുംബൈക്ക് അനായാസ ജയം സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹിയുടെ 106 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്കായി ഓപ്പണർമാരായ യാസ്‌തിക ഭാട്ടിയ, ഹെയ്‌ലി മാത്യൂസ് എന്നിവർ ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 65 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി. തകർപ്പനടികളുമായി കളം നിറഞ്ഞ യാസ്‌തിക ഭാട്ടിയയുടെ വിക്കറ്റ് വീഴ്‌ത്തി ടാര നോറിസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
32 പന്തിൽ എട്ട് ഫോറുകളുടെ അകമ്പടിയോടെ 41 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെ ടീം സ്‌കോർ 77ൽ നിൽക്കെ ഹെയ്‌ലി മാത്യൂസിനേയും ഡൽഹിക്ക് നഷ്‌ടമായി. 31 പന്തിൽ 6 ഫോറുകൾ ഉൾപ്പെടെ 32 റണ്‍സ് നേടിയ താരത്തെ ആലിസ് ക്യാപ്‌സി ജെമീമ റോഡ്രിഗസിന്‍റെ കൈകളിൽ എത്തിക്കുകയായിരുന്നു. എന്നാൽ തുടർന്നിറങ്ങിയ നാറ്റ് സിവർ- ബ്രണ്ടും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ചേർന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
നാറ്റ് സിവർ-ബ്രണ്ട് 19 പന്തിൽ 4 ഫോറുകൾ ഉൾപ്പെടെ 23 റണ്‍സും, ഹർമൻപ്രീത് കൗർ 8 പന്തിൽ 2 ഫോറുകൾ ഉൾപ്പെടെ 11 റണ്‍സുമായും പുറത്താകാതെ നിന്നു. ഇതോടെ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം സ്വന്തമാക്കിയ മുംബൈ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കെത്തി. തുടർച്ചയായ രണ്ട് വിജയങ്ങൾക്ക് ശേഷം തോൽവി വഴങ്ങിയ ഡൽഹി ക്യാപ്പിറ്റൽസ് പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.