മുംബൈ: വനിത പ്രീമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ വിജയം സ്വന്തമാക്കി ഡൽഹി കാപ്പിറ്റൽസ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 60 റണ്‍സിന്‍റെ തകർപ്പൻ ജയമാണ് ഡൽഹി കാപ്പിറ്റൽസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഡൽഹിയുടെ 224 എന്ന കൂറ്റൻ സ്‌കോർ പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 163 റണ്‍സെടുക്കാനേ സാധിച്ചുള്ളു. നാല് ഓവറിൽ 20 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ താര നോറിസാണ് ബാംഗ്ലൂർ ബാറ്റിങ് നിരയെ നിലംപരിശാക്കിയത്.
ഡൽഹിയുടെ കൂറ്റൻ സ്‌കോർ പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിനായി ഓപ്പണർമാരായ സ്‌മൃതി മന്ദാനയും സോഫി ഡിവൈനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഡൽഹി ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച് ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 4.2 ഓവറിൽ 41 റണ്‍സാണ് കൂട്ടിച്ചേർത്തത്. സോഫി ഡിവൈന്‍റെ വിക്കറ്റാണ് ബാംഗ്ലൂരിന് ആദ്യം നഷ്‌ടമായത്. 11 പന്തിൽ 14 റണ്‍സ് നേടിയ താരത്തെ എലീസ് ക്യാപ്‌സിയാണ് പുറത്താക്കിയത്.
തന്‍റെ തൊട്ടടുത്ത ഓവറിൽ തന്നെ സ്‌മൃതി മന്ദാനയേയും പുറത്താക്കി എലീസ് ക്യാപ്‌സി ബാംഗ്ലൂരിന് ഇരട്ട പ്രഹരം സമ്മാനിച്ചു. 23 പന്തിൽ ഒരു സിക്‌സും അഞ്ച് ഫോറും ഉൾപ്പെടെ 35 റണ്‍സാണ് താരം സ്വന്തമാക്കിയത്. എന്നാൽ പിന്നാലെയെത്തിയ എലിസ് പെറിയും ദിഷ കസാത്തും ചേർന്ന് ബാംഗ്ലൂരിന്‍റെ സ്‌കോർ മെല്ലെ ഉയർത്തി. ഇരുവരും ചേർന്ന് 10 ഓവറിൽ ടീം സ്‌കോർ 89ൽ എത്തിച്ചു.
എന്നാൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശുകയായിരുന്ന എലിസ് പെറി ടാരാ നോറിസിന്‍റെ പന്തിൽ ബൗൾഡായത് ബാംഗ്ലൂരിന് തിരിച്ചടിയായി. 19 പന്തിൽ അഞ്ച് ഫോറുകളുൾപ്പെടെ 31 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. തൊട്ടുപിന്നാലെ തന്നെ ദിഷ കസാത്തും (9), തുടർന്നിറങ്ങിയ റിച്ച ഘോഷും(2), കനിക അഹൂജയും (0), ശാഭന ആശയും (2) പുറത്തായി. ഇതോടെ 12.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 93 റണ്‍സ് എന്ന നിലയിലായി ബാംഗ്ലൂർ.
കരകയറ്റിയ പോരാട്ടം: എന്നാൽ ഹീത്തർ നൈറ്റും, മേഗൻ ഷൂട്ടും നടത്തിയ പോരാട്ടം ബാംഗ്ലൂരിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. 21 പന്തിൽ രണ്ട് വീതം സിക്‌സും ഫോറും ഉൾപ്പെടെ 34 റണ്‍സ് നേടിയ ഹീത്തർ നൈറ്റിനെ പുറത്താക്കി താര നോറിസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഹീത്തർ നൈറ്റിന്‍റെ വിക്കറ്റോടെ താര അഞ്ച് വിക്കറ്റും പൂർത്തിയാക്കി. 19 പന്തിൽ അഞ്ച് ഫോറുകളോടെ 30 റണ്‍സുമായി മേഗൻ ഷൂട്ടും, രണ്ട് റണ്‍സുമായി പ്രീതി ബോസും പുറത്താകാതെ നിന്നു.
അടിച്ച് തകർത്ത് ഓപ്പണർമാർ: നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഡൽഹി കാപ്പിറ്റൽസ് ഓപ്പണർമാരായ ക്യാപ്‌റ്റൻ മെഗ് ലാന്നിങിന്‍റെയും ഷെഫാലി വർമയുടെയും മികവിലാണ് കൂറ്റൻ സ്‌കോർ കണ്ടെത്തിയത്. ഇരുവരും ചേർന്ന് 14.3 ഓവറിൽ 162 റണ്‍സിന്‍റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 43 പന്തിൽ 14 ഫോറുകൾ ഉൾപ്പെടെ 72 റണ്‍സ് നേടിയ ലാന്നിങിന്‍റെ വിക്കറ്റാണ് ഡൽഹിക്ക് ആദ്യം നഷ്‌ടമായത്. രണ്ട് പന്തുകൾക്ക് പിന്നാലെ 45 പന്തിൽ 84 നാല് സിക്‌സും 10 ഫോറും ഉൾപ്പെടെ 84 റണ്‍സ് നേടിയ ഷഫാലി വർമയും പുറത്തായി.
ഹീതർ നൈറ്റിനായിരുന്നു രണ്ട് വിക്കറ്റുകളും. പിന്നാലെ ക്രീസിൽ ഒന്നിച്ച മാരിസാന്നെ കാപ്പും ജെമിമ റോഡ്രിഗസും ചേർന്ന് കുറ്റനടികളുമായി ഡൽഹിയുടെ സ്‌കോർ 200 കടത്തി. മാരിസാന്നെ കാപ്പ് 17 പന്തിൽ 3 ഫോറും മൂന്ന് സിക്‌സും ഉൾപ്പെടെ 39 റണ്‍സ് നേടിയപ്പോൾ ജെമിമ റോഡ്രിഗസ് 15 പന്തിൽ 3 ഫോറുകൾ ഉൾപ്പെടെ 22 റണ്‍സുമായി പുറത്താകാതെ നിന്നു.