മുംബൈ:വനിത പ്രീമിയർ ലീഗിൽ ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ഗുജറാത്ത് ജയന്‍റ്‌സിനെതിരെ 10 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ഗുജറാത്തിന്‍റെ 106 റണ്‍സ് വിജയ ലക്ഷ്യം 7.1 ഓവറിൽ വിക്കറ്റ് നഷ്‌ടം കൂടാതെ ഡൽഹി മറികടക്കുകയായിരുന്നു. 28 പന്തിൽ 76 റണ്‍സ് നേടിയ ഷെഫാലി വർമയുടെ തകർപ്പൻ ഇന്നിങ്‌സാണ് ഡൽഹിക്ക് അനായാസ ജയം നേടിക്കൊടുത്തത്.
ഗുജറാത്തിന്‍റെ ചെറിയ സ്‌കോർ പിന്തുടർന്നിറങ്ങിയ ഡൽഹിക്കായി ഓപ്പണർമാരായ ഷെഫാലിയും ക്യാപ്‌റ്റൻ മെഗ് ലാന്നിങ്ങും സ്വപ്‌നതുല്യമായ ഇന്നിങ്‌സാണ് പടുത്തുയർത്തിയത്. ഗുജറാത്ത് ബോളർമാരെ ഒരു ദാക്ഷിണ്യവും കൂടാതെ തലങ്ങും വിലങ്ങും പായിച്ച് ഷെഫാലി ഉഗ്രരൂപം പുറത്തുകാട്ടി. വെറും 19 പന്തിൽ നിന്ന് താരം തന്‍റെ അർധ സെഞ്ച്വറി പൂർത്തിയാക്കി. ഇതോടെ വനിത പ്രീമിയർ ലീഗിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറി എന്ന നേട്ടവും ഷെഫാലി സ്വന്തമാക്കി.
താരത്തിന് മികച്ച പിന്തുണയുമായി ക്യാപ്‌റ്റൻ മെഗ് ലാന്നിങും ഉറച്ചുനിന്നതോടെ സ്‌കോർ അതിവേഗം ഉയർന്നു. 87 റണ്‍സാണ് പവർ പ്ലേയിൽ ഇരുവരും സ്വന്തമാക്കിയത്. മത്സരം അവസാനിക്കുമ്പോൾ 28 പന്തിൽ നിന്ന് അഞ്ച് സിക്‌സുകളുടേയും 10 ഫോറുകളുടേയും അകമ്പടിയോടെ 76 റണ്‍സായിരുന്നു ഷെഫാലിയുടെ സമ്പാദ്യം. 15 പന്തിൽ 3 ഫോറുകളുമായി 21 റണ്‍സ് നേടി മെഗ് ലാന്നിങ്ങും പുറത്താകാതെ നിന്നു.
എറിഞ്ഞിട്ട് മരിസാനെ കാപ്പ്: നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഗുജറാത്ത് ജയന്‍റ്‌സിന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 105 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറിൽ 15 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ് നേടിയ മരിസാനെ കാപ്പാണ് ഗുജറാത്ത് ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. ശിഖ പാണ്ഡെ മൂന്ന് വിക്കറ്റും നേടി. 37 പന്തിൽ 32 റണ്‍സ് നേടിയ കിം ഗാർത്തിന് മാത്രമാണ് ഗുജറാത്ത് നിരയിൽ അൽപനേരമെങ്കിലും പിടിച്ചുനിൽക്കാനായത്.