മുംബൈ:പ്രഥമ വനിത പ്രീമിയർ ലീഗ് കിരീടത്തിന്‍റെ അവകാശിയെ ഇന്നറിയാം. ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരില്‍ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുക.
ലീഗ് ഘട്ടത്തിലെ എട്ട് മത്സരങ്ങളില്‍ ആറ് വിജയം വീതമാണ് മുംബൈയും ഡല്‍ഹിയും നേടിയത്. എന്നാല്‍ റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ ഡൽഹി ക്യാപിറ്റല്‍സ് നേരിട്ട് ഫൈനല്‍ ഉറപ്പിച്ചപ്പോള്‍ എലിമിനേറ്ററില്‍ യുപി വാരിയേഴ്‌സിനെ കീഴടക്കിയാണ് മുംബൈ ഇന്ത്യന്‍സ് എത്തുന്നത്.
നേർക്കുനേർ പോരാട്ടത്തില്‍ മുംബൈയും ഡല്‍ഹിയും ഒപ്പത്തിനൊപ്പമാണ്. ലീഗ് ഘട്ടത്തില്‍ രണ്ട് തവണ നേര്‍ക്കുനേരെ എത്തിയപ്പോള്‍ ഇരു ടീമും ഓരോ ജയം വീതം നേടിയിരുന്നു. ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ എട്ട് വിക്കറ്റിന് വിജയിച്ചപ്പോള്‍ മെഗ് ലാനിങ്ങിന് കീഴിലിറങ്ങിയ ഡല്‍ഹി ഒമ്പത് വിക്കറ്റിനാണ് കളി പിടിച്ചത്.
നടക്കാനിരിക്കുന്നത് വനിത പ്രീമിയർ ലീഗ് ഫൈനലാണെങ്കിലും ക്യാപ്റ്റനെന്ന നിയില്‍ ഹര്‍മന്‍പ്രീതിന് മെഗ് ലാനിങ്ങിനോട് ചില വമ്പന്‍ കണക്കുകള്‍ തീര്‍ക്കാനുണ്ട്. 2020ലെ ടി20 ലോകകപ്പ് ഫൈനലിലും, 2022ലെ കോമൺവെൽത്ത് ഗെയിംസ് ഫൈനലിലും മെഗ് ലാനിങ്ങിന്‍റെ നേതൃത്വത്തിലിറങ്ങിയ ഓസ്ട്രേലിയയോടായിരുന്നു ഹര്‍മന്‍പ്രീത് നയിച്ചിരുന്ന ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്.
ഹെയ്‌ലി മാത്യൂസ്, യാസ്‌തിക ഭാട്ടിയ, ക്യാപ്റ്റന്‍ ഹർമൻപ്രീത് കൗർ, നതാലി സ്‌കിവര്‍, അമേലിയ കെർ എന്നിവരടങ്ങിയ ബാറ്റിങ് നിരയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ കരുത്ത്. എന്നാല്‍ ഫൈനലിനിറങ്ങുന്ന മുംബൈയ്‌ക്ക് ക്യാപ്റ്റന്‍റെ ഫോം ആശങ്കയാണ്. ടൂർണമെന്‍റിൽ മൂന്ന് അർധ സെഞ്ചുറികളുമായി തുടങ്ങിയ ഹര്‍മന്‍പ്രീതിന് തുടര്‍ന്ന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല.
യുപി വാരിയേഴ്‌സിനെതിരായ എലിമിനേറ്ററിൽ നതാലി സ്‌കിവര്‍ അര്‍ധ സെഞ്ചുറിയുമായി പുറത്താവാതെ നിന്നില്ലായിരുന്നു എങ്കില്‍ ഒരു പക്ഷെ ടൂർണമെന്‍റിന്‍റെ തിരക്കഥ വ്യത്യസ്‌തമാകുമായിരുന്നു. ബോളിങ് യൂണിറ്റില്‍ ഇസി വോങ്, പൂജ വസ്‌ത്രാകർ, സൈക ഇഷാക്ക് എന്നിവരിലാണ് സംഘം പ്രതീക്ഷ വയ്‌ക്കുന്നത്. നതാലിയുടെ ഓള്‍ റൗണ്ടര്‍ പ്രകടന മികവും മുംബൈയ്‌ക്ക് തുണയാവും.