കേപ്‌ടൗണ്‍: വിമൻസ് പ്രീമിയര്‍ ലീഗ് (ഡബ്ലിയുപിഎല്‍) പ്രഥമ പതിപ്പിന് മുന്നോടിയായുള്ള താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള താരമായി മാറിയത് ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയാണ്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്‌മൃതിയെ 3.40 കോടി രൂപയ്‌ക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ് സ്വന്തമാക്കിയത്. ലേലത്തിനെത്തിയ ആദ്യ പേരുകാരിയായ സ്‌മൃതിക്കായി മുംബൈ ഇന്ത്യന്‍സിന്‍റെ കനത്ത വെല്ലുവിളിയാണ് ബാംഗ്ലൂരിന് മറികടക്കേണ്ടി വന്നത്.
നിലവില്‍ ടി20 ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിലാണ് ഇന്ത്യന്‍ ടീമുള്ളത്. മുംബൈയില്‍ പുരോഗമിക്കുന്ന ലേല നടപടികള്‍ സ്‌മൃതിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ തത്സമയം ടിവിയില്‍ കാണുന്നുണ്ടായിരുന്നു. സ്‌മൃതിയ്‌ക്കായി ഫ്രാഞ്ചൈസികള്‍ തമ്മില്‍ മത്സരിക്കുന്നത് ആര്‍പ്പുവിളികളോടെയും വിസിലടിച്ചും കയ്യടിച്ചുമാണ് സഹതാരങ്ങള്‍ ആഘോഷമാക്കിയത്. ഇതിന്‍റെ വീഡിയോ ജിയോ സിനിമ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
ലേലമുറപ്പിച്ചതിന് ശേഷം സഹതാരങ്ങള്‍ ചേര്‍ന്ന് 26കാരിയെ അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ സ്‌മൃതിയ്‌ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ അടുത്ത മത്സരത്തില്‍ താരം കളിക്കുന്നത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. അതേസമയം പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യ ടൂര്‍ണമെന്‍റില്‍ വിജയത്തുടക്കം കുറിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 151 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ മുംബൈ ഇന്ത്യന്‍സ് 1.80 കോടി രൂപയ്‌ക്ക് സ്വന്തമാക്കി. ഹര്‍മനായും ശക്തമായ ലേലം വിളിയാണ് നടന്നത്. താരത്തിനായി ബാംഗ്ലൂര്‍ തുടക്കത്തില്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ മുംബൈയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തിയത് ഡല്‍ഹി കാപിറ്റല്‍സാണ്.
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്‌തി ശര്‍മയെ 2.60 കോടി രൂപയ്‌ക്ക് യുപി വാരിയേഴ്‌സ് സ്വന്തമാക്കി. മറ്റൊരു ഓള്‍റൗണ്ടറായ ജമീമ റോഡ്രിഗസിനായി ഡല്‍ഹി കാപിറ്റല്‍സ് മുടക്കിയത് 2.2 കോടി രൂപയാണ്. ഇന്ത്യന്‍ ഓപ്പണര്‍ ഷഫാലി വര്‍മയേയും രണ്ട് കോടി രൂപയ്‌ക്ക് ഡല്‍ഹി സ്വന്തമാക്കി. പേസര്‍ രേണുക സിങ്ങിനെ 1.5 കോടി രൂപയ്‌ക്ക് ബാംഗ്ലൂര്‍ കൂടാരത്തിലെത്തിച്ചു.
ALSO READ:WPL 2023 auction: പണം വാരി വിദേശ താരങ്ങൾ... ആഷ്‌ലീയും സ്‌കീവറും പൊൻ താരങ്ങൾ