മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഇറങ്ങുമ്പോള്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസം ഇന്ത്യയ്‌ക്കുണ്ടാവുമെന്നുറപ്പ്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ മാനേജ്‌മെന്‍റിന് പരിഹരിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനപ്പെട്ട കാര്യമാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ തെരഞ്ഞെടുപ്പ്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത് കെഎസ് ഭരത്തായിരുന്നു. എന്നാല്‍ വിക്കറ്റിന് പിന്നില്‍ മികച്ച പല അവസരങ്ങളും നഷ്‌ടപ്പെടുത്തിയ താരത്തിന് ബാറ്റിങ്ങിലും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വിക്കറ്റിന് പിന്നില്‍ കെഎല്‍ രാഹുലിന് അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും പരിശീലകനുമായ രവി ശാസ്‌ത്രി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ ടീമില്‍ നിന്നും സ്ഥാനം നഷ്‌ടപ്പട്ട താരമാണ് കെഎല്‍ രാഹുല്‍. നാല് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും അവസരം ലഭിച്ച രാഹുലിന് മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 38 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇതോടെ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാഹുല്‍ പുറത്താവുകയും ചെയ്‌തിരുന്നു.
പകരമെത്തിയ ശുഭ്‌മാന്‍ ഗില്ലാവട്ടെ സെഞ്ചുറി പ്രകടനവുമായാണ് തിളങ്ങിയത്. ഇതോടെ ഇന്ത്യയുടെ ഓപ്പണറായി ഗില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്‌തു. പക്ഷെ ഓസീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ഫോമിലക്ക് തിരികെയെത്തുന്നതിന്‍റെ സൂചന 33കാരനായ രാഹുല്‍ നല്‍കി കഴിഞ്ഞു. മുംബൈയിലെ വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന പ്രകടനമായിരുന്നു രാഹുല്‍ നടത്തിയത്.