സതാംപ്ടണ്‍: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 217 റണ്‍സിന് പുറത്ത്. 22 ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ കെയ്‌ല്‍ ജാമിസണാണ് ഇന്ത്യയെ തകര്‍ത്തത്. 117 പന്തില്‍ 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍.
മത്സരത്തിന്‍റെ മൂന്നാം ദിവസത്തിന്‍റെ തുടക്കത്തില്‍ തന്നെ തിരിച്ചടിയോടെയാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാം ദിവസത്തെ സ്കോറിനോട് മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ആദ്യം മടങ്ങിയത്. 132 പന്തിൽ നിന്ന് 44 റൺസെടുത്ത കോലിയെ ജാമിസൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
തുടര്‍ന്നെത്തിയ റിഷഭ് പന്തിനെയും ജാമിസണ്‍ ടോം ലാഥത്തിന്‍റെ കൈകളിലെത്തിച്ചു. 22 പന്തില്‍ നാല് റണ്‍സായിരുന്നു പന്തിന്‍റെ സമ്പാദ്യം. ഏഴാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജ 15 റണ്‍സും ഏട്ടാമതെത്തിയ ആര്‍. അശ്വിന്‍ 22 റണ്‍സുമെടുത്ത് പുറത്തായി.