സതാംപ്ടണ്‍: ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ റിസര്‍വ് ദിനത്തില്‍ രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. മഴ മാറിനിന്ന ആറാം ദിനം ബാറ്റിങ് തുടരുന്ന ഇന്ത്യക്ക് ഉച്ചഭക്ഷണത്തിന് മുന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി.
ക്യാപ്റ്റന്‍ വിരാട് കോലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരാണ് ഇന്ന് പുറത്തായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 55 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് ഇന്ത്യ നേടിയത്. കിവീസിന്‍റെ ഒന്നാം ഇന്നിംങ്സ് സ്കോറായ 249ന് എതിരെ 98 റണ്‍സിന്‍റെ ലീഡാണ് ഇന്ത്യൻ ടീമിനുള്ളത്.
റിഷഭ് പന്ത് (28*), രവീന്ദ്ര ജഡേജ (12*) എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യ നിലവില്‍ പരാജയം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. 29 പന്തിൽ 13 റൺസെടുത്ത കോലി ജാമിസണിന്‍റെ പന്തില്‍ ബിജെ വാട്‌ലിങ്ങിന് പിടികൊടുത്ത് മടങ്ങുകയായിരുന്നു. 80 പന്തിൽ നിന്ന് 15 റൺസെടുത്ത പുജാരയേയും ജാമിസണ്‍ ടെയ്‌ലറുടെ കൈയിലെത്തിച്ചു.
also read: ഐസിസി ടെസ്റ്റ് റാങ്കിങ്: ഓൾ റൗണ്ടർമാരിൽ ജഡേജ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
40 പന്തില്‍ 15 റണ്‍സെടുത്ത രഹാനയെ ട്രെന്‍റ് ബോള്‍ട്ട് വാട്‌ലിങ്ങിന്‍റെ കയ്യിലെത്തിച്ചു. രണ്ട് വിക്കറ്റിന് 64 റൺസെന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിങ് അവസാനിപ്പിച്ചത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (30), ശുഭ്മാന്‍ ഗില്‍ (8) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് ഇന്നലെ നഷ്ടമായത്.