ഹാമിൽട്ടണ്‍: വനിത ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 229 റണ്‍സ് നേടി. അർധ സെഞ്ച്വറി നേടിയ യാസ്‌തിക ഭാട്ടിയയുടെ ബാറ്റിങ് മികവാണ് ഇന്ത്യയെ മോശമല്ലാത്ത നിലയിലെത്തിച്ചത്. സെമിഫൈനൽ സാധ്യത നിലനിർത്താൻ ഇന്ത്യക്ക് ഇന്നത്തെ ജയം ഏറെ അനിവാര്യമാണ്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ ഷഫാലി വെർമ്മയും(42), സ്‌മൃതി മന്ദനയും(30) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 74 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് തീർത്തു. എന്നാൽ 15-ാം ഓവറിൽ ടീം സ്കോർ 74ൽ നിൽക്കെ ഇന്ത്യക്ക് ബംഗ്ലാദേശ് ആദ്യ പ്രഹരം നൽകി.
സ്‌മൃതി മന്ദന പുറത്തായതിന് തൊട്ടു പിന്നാലെ തന്നെ ഷഫാലി വെർമയും പുറത്തായി. പിന്നാലെയെത്തിയ ക്യാപ്‌റ്റൻ മിതാലി രാജും(0) ഡക്കായതോടെ ഇന്ത്യ 74/3 എന്ന നിലയിലേക്ക് വീണു. യാസ്തിക ഭാട്ടിയയോടൊപ്പം പിന്നാലെയെത്തിയ ഹർമൻപ്രീത് കൗർ(14) കുറച്ചുസമയം പിടിച്ചു നിന്നെങ്കിലും ടീം സ്കോർ 100 കടന്നതിന് പിന്നാലെ പുറത്തായി.
ALSO READ:ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ; സഞ്ജു സാംസണെ പ്രശംസിച്ച് കുമാർ സംഗക്കാര
ഇതോടെ തകർച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ ഭാട്ടിയയും റിച്ച ഘോഷും(26) ചേർന്ന് 150 കടത്തി. അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ ശ്രമിച്ച് യാസ്‌തിക ഭാട്ടിയയും(50) പുറത്തായതോടെ ഇന്ത്യ 200 പോലും കടക്കില്ല എന്ന പ്രതീതി ഉണ്ടായി. എന്നൽ പൂജ വസ്ട്രക്കറും(30), സ്നേഹ റാണയും(27) ചേർന്ന് ടീം സ്കോർ 229 എത്തിച്ചു.