കേപ്‌ടൗണ്‍ : വനിത ടി20 ലോകകപ്പിന്‍റെ സെമിഫൈനലിൽ കാലിടറി ഇന്ത്യൻ പെണ്‍പട. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ 5 റണ്‍സിന് തോൽവി വഴങ്ങി ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായി. ഓസ്‌ട്രേലിയയുടെ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 167 റണ്‍സേ നേടാനായുള്ളൂ. വിജയത്തോടെ തുടർച്ചയായ ആറാം തവണയും ഓസ്‌ട്രേലിയ ടി20 ലോകകപ്പിന്‍റെ ഫൈനലിൽ ഇടം നേടി.
ജീവൻ മരണ പോരാട്ടത്തിൽ ഓസ്‌ട്രേലിയയുടെ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ അടിതെറ്റിയിരുന്നു. ഓപ്പണർ ഷെഫാലി വർമയെ രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് നഷ്‌ടമായി. 9 റണ്‍സെടുത്ത താരത്തെ മേഗൻ ഷ്യൂട്ട് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ തന്നെ സൂപ്പർ താരം സ്‌മൃതി മന്ദാനയെ പുറത്താക്കി ആഷ്‌ലി ഗാർഡ്‌നർ ഇന്ത്യയെ ഞെട്ടിച്ചു.
പിന്നാലെ യാസ്‌തിക ഭാട്ടിയ(4) കൂടി പുറത്തായതോടെ ഇന്ത്യ 3.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 28 എന്ന നിലയിലേക്ക് വീണു. പവർ പ്ലേയിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീണ് വൻ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യയെ ക്രീസിലൊന്നിച്ച ജെമീമ റോഡ്രിഗസും ക്യാപ്‌റ്റൻ ഹർമൻ പ്രീത് കൗറും ചേർന്ന് കരകയറ്റി. ഇരുവരും ചേർന്ന് 69 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ടാണ് ഇന്ത്യക്ക് വേണ്ടി പടുത്തുയർത്തിയത്.
ഗതിമാറ്റിയ റണ്ണൗട്ട് : ഇതോടെ 10 ഓവറിൽ 97 റണ്‍സിലെത്തി ഇന്ത്യ. എന്നാൽ അർധസെഞ്ച്വറിക്കരികെ ജമീമ റോഡ്രിഗസിനെ ഇന്ത്യക്ക് നഷ്‌ടമായി. 24 പന്തിൽ 6 ഫോറുകൾ ഉൾപ്പടെ 43 റണ്‍സ് നേടിയ താരത്തെ ഡാർസി ബ്രൗണ്‍ പുറത്താക്കുകയായിരുന്നു. തുടർന്നിറങ്ങിയ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഹർമൻപ്രീത് കൗർ സ്‌കോർ മുന്നോട്ടുയർത്തി. എന്നാൽ 14-ാം ഓവറിൽ ഹർമൻപ്രീതിന്‍റെ റണ്ണൗട്ട് ഇന്ത്യൻ പ്രതീക്ഷകൾ തകർത്തു.