കേപ്‌ടൗണ്‍: ഐസിസി വനിത ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി ഇന്ത്യ. എതിരാളികളായ വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിനാണ് ഇന്ത്യൻ പെണ്‍പുലികൾ കീഴടക്കിയത്. വെസ്റ്റ് ഇൻഡീസിന്‍റെ 119 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 32 പന്തിൽ 44 റണ്‍സുമായി തിളങ്ങിയ റിച്ച ഘോഷാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ബോളിങ്ങിൽ 4 ഓവറിൽ 15 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റിട്ട ദീപ്‌തി ശർമയും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ ഷഫാലി വർമയും സ്‌മൃതി മന്ദാനയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. തുടക്കം മുതൽ തകർത്തടിച്ച് തുടങ്ങിയ ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 32 റണ്‍സാണ് കൂട്ടിച്ചേർത്തത്. എന്നാൽ മൂന്നാം ഓവറിൽ സൂപ്പർ താരം സ്‌മൃതി മന്ദാനയെ ഇന്ത്യക്ക് നഷ്‌ടമായി. 10 റണ്‍സ് നേടിയ താരത്തെ കരിഷ്‌മയുടെ പന്തിൽ റഷാഡ വില്യംസ് സ്റ്റംപ് ചെയ്‌ത് പുറത്താക്കുകയായിരുന്നു.
പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ച്വറി നേടി തിളങ്ങിയ ജെമീമ റോഡ്രിഗസാണ് പിന്നാലെ ക്രീസിലെത്തിയത്. എന്നാൽ നിലയുറപ്പിക്കും മുന്നേ താരത്തെ മടക്കി ഹെയ്‌ലി മാത്യൂസ് ഇന്ത്യയെ ഞെട്ടിച്ചു. പുറത്താകുമ്പോൾ ഒരു റണ്‍സ് മാത്രമായിരുന്നു താരത്തിന്‍റെ സമ്പാദ്യം. തൊട്ടുപിന്നാലെ മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന ഷെഫാലി വർമയേയും ഇന്ത്യക്ക് നഷ്‌ടമായി. 23 പന്തിൽ 28 റണ്‍സെടുത്ത താരത്തെ കരിഷ്‌മ രാംഹരാക്ക് പുറത്താക്കുകയായിരുന്നു.
കരകയറ്റിയ കൂട്ടുകെട്ട്: ഇതോടെ ഇന്ത്യ 7.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 43 റണ്‍സ് എന്ന നിലയിൽ പരുങ്ങലിലായി. എന്നാൽ തുടർന്ന് ക്രീസിലെത്തിയ ഹർമൻ പ്രീത് കൗറും റിച്ച ഘോഷും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 72 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ വിജയത്തിന് നാല് റണ്‍സ് അകലെ റിച്ച ഘോഷിനെ ഇന്ത്യക്ക് നഷ്‌ടമായി.
32 പന്തിൽ അഞ്ച് ഫോറുകളുടെ അകമ്പടിയോടെയാണ് താരം 44 റണ്‍സ് നേടിയത്. പിന്നാലെ ക്രീസിലെത്തിയ ദേവിക വൈദ്യയെ കൂട്ടുപിടിച്ച് ക്യാപ്‌റ്റൻ ഹർമൻ പ്രീത് കൗർ തകർപ്പനൊരു ബൗണ്ടറിയിലൂടെ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ഹർമൻ പ്രീത് 42 പന്തിൽ മൂന്ന് ഫോറുകളുടെ അകമ്പടിയോടെ 33 റണ്‍സ് നേടി പുറത്താകാതെ നിന്നു. വിൻഡീസിനായി കരിഷ്‌മ രണ്ട് വിക്കറ്റ് നേടിയപ്പോൾ ഹെയ്‌ലി മാത്യൂസ്, ചിന്നെല്ലി ഹെൻറി എന്നിവർ ഓരോ വിക്കറ്റ് നേടി.
എറിഞ്ഞിട്ട് ദീപ്‌തി: നേരത്തെ ആദ്യ ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 118 റണ്‍സ് നേടിയത്. 40 പന്തിൽ 42 റണ്‍സ് നേടിയ ഓപ്പണർ സ്റ്റെഫാനി ടെയ്‌ലറാണ് വിൻഡീസിനായി തിളങ്ങിയത്. 30 റണ്‍സ് നേടിയ ഷെമാനി ക്യാംബെല്ലെയും മികച്ച സംഭാവന നൽകി. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ഹെയ്‌ലി മാത്യൂസിനെ നഷ്‌ടമായി തകർച്ച നേരിട്ട വെസ്റ്റ്‌ഇൻഡീസിനെ രണ്ടാം വിക്കറ്റിൽ 73 റണ്‍സ് കൂട്ടിച്ചേർത്ത് ഇരുവരും ചേർന്ന് കരകയറ്റുകയായിരുന്നു.
എന്നാൽ 13-ാം ഓവറിൽ ഷെമാനിയെയും സ്റ്റെഫാനി ടെയ്‌ലറെയും പുറത്താക്കി ദീപ്‌തി ശർമ മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. തുടർന്നെത്തിയ താരങ്ങൾക്കൊന്നും തന്നെ ഇന്ത്യൻ ബോളിങ് നിരയുടെ മുന്നിൽ അധികസമയം പിടിച്ചു നിൽക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി ദീപ്‌തി ശര്‍മ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ രേണുക സിങ്, പൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.