കേപ്‌ടൗണ്‍:വനിത ടി20 ലോകകപ്പിന്‍റെ ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്തെറിഞ്ഞ് ഇന്ത്യൻ പെണ്‍പട. പാകിസ്ഥാന്‍റെ വിജയ ലക്ഷ്യമായ 150 റണ്‍സ് 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസിന്‍റെ(53) ബാറ്റിങ് മികവിലാണ് ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയത്.
ഷഫാലി വർമ(33), റിച്ച ഘോഷ്(31) എന്നിവരുടെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ടി20 വനിത ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ ചേസിങ് വിജയമാണിത്. കൂടാതെ വനിത ടി20 ലോകകപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേസിങ് വിജയം കൂടിയാണിത്.
പാകിസ്ഥാന്‍റെ 150 എന്ന മോശമല്ലാത്ത സ്‌കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ യാസ്‌തിക ഭാട്ടിയയും(17), ഷഫാലി വർമയും(33) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പരിക്കേറ്റതിനാൽ ആദ്യ മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്ന സ്‌മൃതി മന്ദാനയ്‌ക്ക് പകരക്കാരിയായാണ് യാസ്‌തിക ഓപ്പണറായി കളത്തിലെത്തിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 38 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന യാസ്‌തികയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്‌ടമായത്. 20 പന്തിൽ 17 റണ്‍സ് നേടിയ താരത്തെ സാദിയ ഇക്‌ബാലിന്‍റെ പന്തിൽ ഫാത്തിമ സന ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ ജെമീമ റോഡ്രിഗസ് ഷഫാലി വർമയോടൊപ്പം ചേർന്ന് സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി. പിന്നാലെ ഷഫാലിയെ ഇന്ത്യക്ക് നഷ്‌ടമായി.
നഷ്‌റ സന്ധുവിന്‍റെ പന്തിൽ തകർപ്പനൊരു ക്യാച്ചിലൂടെ സിദ്ര അമീനാണ് ഷഫാലിയെ പുറത്താക്കിയത്. പുറത്താകുമ്പോൾ 25 പന്തിൽ 33 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെയെത്തിയ ഇന്ത്യൻ ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറിന് അധിക സമയം നിലയുറപ്പിക്കാനായില്ല. 12 പന്തിൽ 16 റണ്‍സെടുത്ത താരത്തെ നഷ്‌റ സന്ധു ബിസ്‌മ മറൂഫിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
ഇതോടെ ഇന്ത്യ 13.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 93 റണ്‍സ് എന്ന നിലയിലായി. ഹർമൻപ്രീതിന് പിന്നാലെ ക്രീസിലെത്തിയ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ജമീമ റോഡ്രിഗസ് തകർത്തടിച്ചു. അവസാന ഓവറുകളിൽ ഇരുവരും ചേർന്ന് സ്‌കോർ വേഗത്തിൽ ഉയർത്തിയതോടെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. ജമീമ 38 പന്തിൽ 53 റണ്‍സുമായും റിച്ച ഘോഷ് 20 പന്തിൽ 31 റണ്‍സുമായും പുറത്താകാതെ നിന്നു.
തുടക്കം ഗംഭീരം, ഒടുക്കം പാളി: നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാൻ, ക്യാപ്‌റ്റൻ ബിസ്‌മ മറൂഫിന്‍റെ അർധ സെഞ്ച്വറിയുടെയും, അയേഷ നസീമിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെയും പിൻബലത്തിലുമാണ് 149 റണ്‍സ് നേടിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ പത്ത് റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ തന്നെ ഓപ്പണർ ജാവേറിയ ഖാനെ(8) ദീപ്‌തി ശർമ ഹർമൻപ്രീതിന്‍റെ കൈകളിലെത്തിച്ചു.
തുടർന്ന് ക്രീസിലെത്തിയ ബിസ്‌മ മറൂഫ് ക്യാപ്‌റ്റന്‍റെ ഇന്നിങ്‌സ് പുറത്തെടുത്ത് സ്‌കോർ ഉയർത്തി. ഇതിനിടെ ടീം സ്‌കോർ 42ൽ നിൽക്കെ മറ്റൊരു ഓപ്പണർ മുനീബ അലിയേയും പാകിസ്ഥാന് നഷ്‌ടമായി. 14 പന്തിൽ 12 റണ്‍സെടുത്ത താരത്തെ രാധ യാദവിന്‍റെ പന്തിൽ റിച്ച ഘോഷ് സ്റ്റംപ് ചെയ്‌ത് പുറത്താക്കുകയായിരുന്നു. പിന്നാലെ പൂജ വസ്‌ത്രക്കറിന്‍റെ തൊട്ടടുത്ത ഓവറിൽ തന്നെ നിദാ ധർ അക്കൗണ്ട് തുറക്കും മുന്നേ പുറത്തായത് പാകിസ്ഥാന് ഇരട്ട പ്രഹരമായി.
പിന്നാലെയെത്തിയ സിദ്ര അമീനെ രാധ യാദവ്(11) പുറത്താക്കിയതോടെ പാകിസ്ഥാൻ പരുങ്ങലിലായി. ഇതോടെ 12 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 68 എന്ന നിലയിലായി പാകിസ്ഥാൻ. എന്നാൽ തുടർന്ന് ക്രീസിലെത്തിയ അയേഷ നസീം ഇന്ത്യൻ പ്രതീക്ഷകളെ തകർക്കുകയായിരുന്നു. ബിസ്‌മ മറൂഫിനെ കൂട്ടുപിടിച്ച് അയേഷ ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച് സ്‌കോർ ഉയർത്തി.
തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന പാകിസ്ഥാന് പുതുജീവൻ നൽകുന്നതായിരുന്നു ഈ കൂട്ടുകെട്ട്. ഇരുവരും ചേർന്ന് 81 റണ്‍സാണ് അവസാന ഏട്ടോവറിൽ കൂട്ടിച്ചേർത്തത്. അയേഷ നസീം 25 പന്തിൽ 43 റണ്‍സുമായും, ബിസ്‌മ മറൂഫ് 55 പന്തിൽ 68 റണ്‍സുമായും പുറത്താകാതെ നിന്നു. ഇന്ത്യക്കായി രാധ യാദവ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ദീപ്‌തി ശർമ, പൂജ വസ്‌ത്രക്കർ എന്നിവർ ഓരേ വിക്കറ്റും നേടി.