കേപ്‌ടൗണ്‍ : ഐസിസി വനിത ടി20 ലോകകപ്പിൽ ആറാം കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഫൈനലിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ തങ്ങളുടെ ഹാട്രിക് ടി20 ലോകകപ്പിൽ മുത്തമിട്ടത്. ഓസ്‌ട്രേലിയയുടെ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 137 റണ്‍സേ നേടാനായുള്ളൂ. ദക്ഷിണാഫ്രിക്കൻ നിരയിൽ ഓപ്പണർ ലൗറ വോള്‍വാര്‍ട്ടിന്(61) മാത്രമേ പൊരുതി നിൽക്കാനായുള്ളൂ.സ്‌കോർ: ഓസ്‌ട്രേലിയ -156/6 (20), ദക്ഷിണാഫ്രിക്ക 137/6(20).
ഓസ്‌ട്രേലിയയുടെ താരതമ്യേന വലിയ ടോട്ടൽ പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് നാലാം ഓവറിൽ തന്നെ ഓപ്പണർ ടസ്‌മിൻ ബ്രിട്ട്സിനെ(10) നഷ്‌ടമായി. തുടർന്ന് മരിസാനെ കാപ്പിനെ കൂട്ടുപിടിച്ച് ലൗറ സ്‌കോർ ഉയർത്തി. എന്നാൽ ടീം സ്‌കോർ 46ൽ നിൽക്കെ മരിസാനെയെ(11) ദക്ഷിണാഫ്രിക്കയ്‌ക്ക് നഷ്‌ടമായി.
പിന്നാലെയെത്തിയ ക്യാപ്‌റ്റൻ സുന്‍ ലുസും(2) മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 10 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 54 റണ്‍സ് എന്ന നിലയിലായി. എന്നാൽ തുടർന്ന് ക്രീസിലെത്തിയ ക്ലോ ട്രേ്യാണ്‍ ലൗറ വോള്‍വാര്‍ട്ടിന് മികച്ച പിന്തുണ നൽകി സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 15-ാം ഓവറിൽ ടീം സ്‌കോർ 100 കടത്തി.
തിരിച്ചടിച്ച് ഓസ്‌ട്രേലിയ : ദക്ഷിണാഫ്രിക്കൻ സ്‌കോർ 100 കടന്നതോടെ ഓസ്‌ട്രേലിയ പരാജയം മണത്തു. എന്നാൽ ടീം സ്‌കോർ 109ൽ നിൽക്കെ ലൗറ വോള്‍വാര്‍ട്ടിനെ പുറത്താക്കി ഓസ്‌ട്രേലിയ മത്സരത്തിലേക്ക് തിരിച്ചെത്തി. ലൗറ വീണതോടെ ദക്ഷിണാഫ്രിക്കയുടെ ആക്രമണത്തിന്‍റെ ശക്‌തിയും കുറഞ്ഞു. ഇതോടെ ഓസ്‌ട്രേലിയ തിരിച്ചടി ആരംഭിച്ചു.
പിന്നാലെ ക്ലോ ട്രേയാണ്‍(25) കൂടി പുറത്തായതോടെ ദക്ഷിണാഫ്രിക്ക പരാജയം ഉറപ്പിച്ചു. അതേ ഓവറിൽ തന്നെ അന്നെകെ ബോഷിനെ (1) റണ്ണൗട്ടാക്കി ഓസീസ് മത്സരം തങ്ങളുടെ വരുതിയിലാക്കി. അവസാന ഓവറിൽ 27 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം. എന്നാൽ എട്ട് റണ്‍സ് മാത്രമേ നേടാനായുള്ളൂ.
നഡിനെ ഡി ക്ലര്‍ക്ക്(8), സിനാലോ ജാഫ്‌ത (9) എന്നിവർ പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്കായി മേഗന്‍ ഷട്ട്, അഷ്‌ലി ഗാര്‍ഡ്‌നര്‍, ഡാര്‍സി ബ്രൗണ്‍, ജെസ്സ് ജോനസെന്‍ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ഒറ്റയ്‌ക്ക് പൊരുതി ബേത് മൂണി : നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ ഓപ്പണർ ബേത് മൂണിയുടെ ഒറ്റയാൾ പോരാട്ടത്തിന്‍റെ മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. 3 പന്തിൽ ഒൻപത് ഫോറും ഒരു സിക്‌സും ഉൾപ്പടെ 74 റണ്‍സുമായി തിളങ്ങിയ മൂണിയാണ് ഓസീസിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്കായി ഓപ്പണർമാരായ അലിസ ഹീലിയും ബേത് മൂണിയും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. പവർ പ്ലേയിൽ തകർത്തടിച്ച ഇരുവരും ചേർന്ന് ആദ്യ നാല് ഓവറിൽ തന്നെ ടീം സ്‌കോർ 30 കടത്തി. എന്നാൽ 36 ൽ നിൽക്കെ അലിസ ഹീലിയെ ഓസീസിന് നഷ്‌ടമായി.
പുറത്താകുമ്പോൾ 20പന്തിൽ 18 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെയെത്തിയ ആഷ്‌ലി ഗാർഡ്‌നറെ കൂട്ടുപിടിച്ച് ബേത് മൂണി സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 10 ഓവറിൽ ടീം സ്‌കോർ 70 കടത്തി. എന്നാൽ ടീം സ്‌കോർ 82ൽ നില്‍ക്കെ ആഷ്‌ലി ഗാർഡ്‌നർ പുറത്തായി. 21 പന്തിൽ 29 റണ്‍സായിരുന്നു താരം നേടിയത്.
തുടർന്ന് ക്രീസിലെത്തിയ ഗ്രേസ് ഹാരിസ് ബേത് മൂണിക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. എന്നാൽ തൊട്ടുപിന്നാലെ തന്നെ ഗ്രേസ് ഹാരിസ്(10) പുറത്തായത് ഓസീസിന് തിരിച്ചടിയായി. പിന്നാലെ ക്യാപ്‌റ്റൻ മെഗ് ലാന്നിങും(10) മടങ്ങിയതോടെ ഓസ്‌ട്രേലിയ 17.1 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 122 എന്ന നിലയിലായി.
ഇതോടെ ടീമിന്‍റെ പൂർണ ഉത്തരവാദിത്തം ബേത് മൂണി ഏറ്റെടുക്കുകയായിരുന്നു. ഒരുവശത്ത് എൽസി പെറി(7), ജോർജിയ വരേഹാം(0) എന്നിവരുടെ വിക്കറ്റുകൾ പൊഴിയുമ്പോൾ മൂണി തകർപ്പനടികളുമായി കളം നിറയുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി മരിസാനെ കാപ്പ്, ഷബ്‌നിം ഇസ്‌മയിൽ എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ നോണ്‍കുലുലേകോ ലാബ, ക്ലോ ട്രയോണ്‍ എന്നിവർ ഓരോ വിക്കറ്റും നേടി.