പൂനെ : വനിത ടി20 ചലഞ്ചില്‍ ആദ്യ മത്സരത്തിൽ സൂപ്പര്‍ നോവാസിനെതിരെ ട്രെയ്ല്‍ബ്ലേസേഴ്‌സിന് 164 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനെത്തിയ സൂപ്പര്‍ നോവാസിനെ 37 റൺസെടുത്ത ഹര്‍മന്‍പ്രീത് കൗർ, 35 റൺസെടുത്ത ഹര്‍ലീന്‍ ഡിയോള്‍ എന്നിവരുടെ പ്രകടനമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ട്രെയ്ല്‍ബ്ലേസേഴ്‌സിനായി ഹെയ്‌ലി മാത്യൂസ് മൂന്നും സല്‍മാ ഖതുന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
മികച്ച തുടക്കമാണ് സൂപ്പര്‍നോവാസിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ പ്രിയ പൂനിയ (20 പന്തില്‍ 22) ഡോട്ടിന്‍ സഖ്യം 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആറാം ഓവറില്‍ 32 റൺസുമായി ഡോട്ടിന്‍ പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി. എട്ടാം ഓവറില്‍ പ്രിയയും പവലിയനില്‍ തിരിച്ചെത്തി. മൂന്നാമതായി ക്രീസിലെത്തിയ ഹര്‍ലീന്‍ വേഗത്തില്‍ സ്‌കോര്‍ കണ്ടെത്തിയതോടെ 12-ാം ഓവറില്‍ 100 റണ്‍സെടുത്തു.
പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്‌ടമായി. സുനെ ലുസ് (10), അലാന കിംഗ് (5), പൂജ വസ്ത്രകര്‍ (14), സോഫി എക്ലെസ്‌റ്റോണ്‍ (5) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ഹര്‍മന്‍പ്രീത് അടിച്ചെടുത്ത 37 റണ്‍സാണ് ടീമിനെ 160 കടത്താന്‍ സഹായിച്ചത്. മേഘ്‌ന സിംഗ് (2), വി ചന്ദു (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. താനിയ ഭാട്ടിയ (1) പുറത്താവാതെ നിന്നു.
സൂപ്പര്‍നോവാസ് : പ്രിയ പൂനിയ, ഡിയേന്ദ്ര ഡോട്ടിന്‍, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍, സുനെ ലുസ്, അലാന കിംഗ്, പൂജ വസ്ത്രകര്‍, സോഫി എക്ലെസ്റ്റോണ്‍, താനിയ ഭാട്ടിയ, മേഘ്‌ന സിംഗ്, വി ചന്ദു.
ട്രെയ്ല്‍ബ്ലേസേഴ്‌സ് : സ്‌മൃതി മന്ഥാന, ഹെയ്‌ലി മാത്യൂസ്, സോഫിയ ഡങ്ക്‌ളി, ജമീമ റോഡ്രിഗസ്, ഷര്‍മിന്‍ അക്തര്‍, സല്‍മ ഖതുന്‍, റിച്ചാ ഗോഷ്, അരുന്ദതി റെഡ്ഡി, പൂനം യാദവ്, രാജേശ്വരി ഗെയ്‌ക്വാദ്, രേണുക സിങ്ങ്