മുംബൈ :വിമന്‍സ് പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തിലും ഗുജറാത്ത് ജയന്‍റ്‌സിന് തോല്‍വി. അവസാന ഓവറിലേക്ക് ആവേശം നീണ്ട മത്സരത്തില്‍ യുപി വാരിയേഴ്‌സ് മൂന്ന് വിക്കറ്റിനാണ് ഗുജറാത്തിനെ തകര്‍ത്തത്. 170 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ യുപി ഒരു പന്ത് ശേഷിക്കെയാണ് ജയത്തിലേക്കെത്തിയത്.
ഗ്രേസ് ഹാരിസിന്‍റെ വെടിക്കെട്ട് ഇന്നിങ്‌സാണ് യുപി വാരിയേഴ്‌സിന് ആദ്യ മത്സരത്തില്‍ ത്രില്ലര്‍ ജയം സമ്മാനിച്ചത്. 26 പന്ത് നേരിട്ട ഗ്രേസ് ഹാരിസ് 59 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഏഴ് ഫോറും മൂന്ന് സിക്‌സറും അടങ്ങിയതായിരുന്നു ഗ്രേസ് ഹാരിസിന്‍റെ ഇന്നിങ്സ്.
തുടക്കം തകര്‍ച്ചയോടെ : ഗുജറാത്ത് ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ യുപി വാരിയേഴ്‌സ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായി. ക്യാപ്‌റ്റന്‍ അലീസ ഹീലി (7), ശ്വേത ഷറാവത്ത് (5), തഹ്‌ലിയ മക്ഗ്രാത്ത് (0) എന്നിവരാണ് തുടക്കത്തിലേ മടങ്ങിയത്.
ഗുജറാത്തിന്‍റെ കിം ഗാര്‍ത്തായിരുന്നു മൂന്ന് വിക്കറ്റും നേടിയത്. കിരണ്‍ നവ്‌ഗീര്‍ നടത്തിയ ചെറുത്ത് നില്‍പ്പാണ് പിന്നീട് യുപി വാരിയേഴ്‌സിന്‍റെ സ്‌കോര്‍ ഉയര്‍ത്തിയത്. അഞ്ചാമതായി ക്രീസിലെത്തിയ ദീപ്‌തി ശര്‍മ്മയ്‌ക്ക് കാര്യമായ സംഭാവനകളൊന്നും ചെയ്യാനായില്ല.
16 പന്തില്‍ 11 റണ്‍സ് നേടിയ ദീപ്‌തി ശര്‍മ്മയെ മാന്‍സി ജോഷി മടക്കി. പിന്നാലെ അര്‍ധ സെഞ്ച്വറി നേടിയ കിരണ്‍ നവ്‌ഗീറിനെയും (53) അക്കൗണ്ട് തുറക്കും മുന്‍പ് സിമ്രാന്‍ ഷെയ്‌ഖിനെയും കിം തന്നെ മടക്കി. ഇതോടെ അഞ്ച് വിക്കറ്റ് നേട്ടവും കിം ആഘോഷിച്ചു.
ഇതോടെ 88-6 എന്ന നിലയിലേക്ക് യുപി വീണു. പിന്നാലെ ക്രീസിലെത്തിയ ദേവിക വൈദ്യയെ (4) അന്നബെല്‍ സതര്‍ലാന്‍ഡ് പറഞ്ഞയച്ചു. തുടര്‍ന്ന് തകര്‍പ്പനടികളുമായി കളം നിറഞ്ഞ ഗ്രേസ് ഹാരിസും, സോഫി എക്കില്‍സ്റ്റോണും ചേര്‍ന്ന് യുപി വാരിയേഴ്‌സിനെ ആവേശകരമായ ജയത്തിലെത്തിക്കുകയായിരുന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ജയന്‍റ്‌സ് 6 വിക്കറ്റ് നഷ്‌ടത്തിലാണ് 169 റണ്‍സ് നേടിയത്. മുംബൈക്കെതിരായ ആദ്യ മത്സരത്തില്‍ പരിക്കേറ്റ് പുറത്തായ ക്യാപ്‌റ്റന്‍ ബെത്ത് മൂണി ഇല്ലാതെയായിരുന്നു ഗുജറാത്ത് രണ്ടാം മത്സരത്തിനിറങ്ങിയത്. ബെത്ത് മൂണിയുടെ അഭാവത്തില്‍ സ്‌നേഹ റാണയാണ് ടീമിനെ നയിച്ചത്.
32 പന്തില്‍ 46 റണ്‍സ് നേടിയ ഹര്‍ലീന്‍ ഡിയോളായിരുന്നു ഗുജറാത്തിന്‍റെ ടോപ് സ്‌കോറര്‍. യുപി വാരിയേഴ്‌സിനായി ദീപ്‌തി ശര്‍മ്മ, സോഫി എക്കില്‍സ്റ്റോണ്‍ എന്നിവര്‍ രണ്ടും അഞ്ജലി സര്‍വാണി, തഹ്‌ലിയ മക്‌ഗ്രാത്ത് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
റോയല്‍ ചലഞ്ചേഴ്‌സിനെ എറിഞ്ഞൊതുക്കി ക്യാപിറ്റല്‍സ്: ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 60 റണ്‍സിന്‍റെ തോല്‍വി വഴങ്ങി ആര്‍സിബി. ഡല്‍ഹി ഉയര്‍ത്തിയ 224 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റ് വീശിയ ആര്‍സിബിയുടെ പോരാട്ടം 8 വിക്കറ്റ് നഷ്‌ടത്തില്‍ 163 റണ്‍സില്‍ അവസാനിച്ചു.
അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ടാരാ നോറിസാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ എറിഞ്ഞൊതുക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി രണ്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 223 റണ്‍സ് നേടിയത്. ക്യാപ്‌റ്റന്‍ മെഗ് ലാനിങ് (72) ഷഫാലി വര്‍മ (84) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
മാരിസെയ്‌ന്‍ കാപ്പ് 17 പന്തില്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബെംഗളൂരുവിന്‍റെ ഹീതര്‍ നൈറ്റാണ് ഡല്‍ഹിയുടെ രണ്ട് വിക്കറ്റും നേടിയത്.