മുംബൈ :വിമന്‍സ് പ്രീമിയര്‍ ലീഗില്‍ സ്‌മൃതി മന്ദാനയ്‌ക്കും സംഘത്തിനും വീണ്ടും തോല്‍വി. മുംബൈ ഇന്ത്യന്‍സ് 9 വിക്കറ്റിന്‍റെ ആധികാരിക ജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സ്വന്തമാക്കിയത്. ബെംഗളൂരു ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 34 പന്ത് ശേഷിക്കെ മുംബൈ മറികടക്കുകയായിരുന്നു.
ബെംഗളൂരു ബോളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് പായിച്ച മുംബൈ ഓപ്പണര്‍ ഹെയ്‌ലി മാത്യൂസ് (77), നതാലി സ്‌കിവര്‍ (55) എന്നിവരുടെ ബാറ്റിങ്ങാണ് മുംബൈക്ക് അനായാസ ജയമൊരുക്കിയത്. 23 റണ്‍സെടുത്ത യാസ്‌തിക ഭാട്ടിയയുടെ വിക്കറ്റ് മാത്രമായിരുന്നു മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് നഷ്‌ടമായത്. ഭാട്ടിയ 23 റണ്‍സ് നേടിയിരുന്നു.
ഒന്നാം വിക്കറ്റില്‍ യാസ്‌തിക ഭാട്ടിയ, ഹെയ്‌ലി മാത്യൂസ് എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈക്ക് സമ്മാനിച്ചത്. ഇരുവരും ആദ്യ വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ചാം ഓവറിലായിരുന്നു യാസ്‌തിക പുറത്തായത്.
19 പന്തില്‍ 23 റണ്‍സ് നേടിയ യാസ്‌തികയെ പ്രീതി ബോസ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഹെയ്‌ലി മാത്യൂസിനൊപ്പം നതാലി സ്‌കിവറും ഒന്നിച്ചതിന് ശേഷം മുംബൈക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇരുവരും അനായാസം സ്‌കോര്‍ ഉയര്‍ത്തിയതോടെ ബെംഗളൂരു ബോളര്‍മാര്‍ വിയര്‍ത്തു.
ബെംഗളൂരുവിന്‍റെ പ്രധാന ബോളര്‍മാരെല്ലാം ഹെയ്‌ലി സ്‌കിവര്‍ സഖ്യത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. തകര്‍പ്പനടികളോടെ കളം നിറഞ്ഞ ഇരുവരും ചേര്‍ന്ന് 14.2 ഓവറില്‍ ടീമിനെ വിജയത്തിലെത്തിച്ചു. 38 പന്ത് നേരിട്ടാണ് ഹെയ്‌ലി മാത്യൂസ് പുറത്താകാതെ 77 റണ്‍സ് നേടിയത്.