മുംബൈ :പ്രഥമ വിമന്‍സ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ 143 റണ്‍സിനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ജയിച്ച് തുടങ്ങിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന്‍റെ പോരാട്ടം 15.1 ഓവറില്‍ 64 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്‌ത്തിയ സൈക ഇഷാഖാണ് ഗുജറാത്തിനെ എറിഞ്ഞിട്ടത്. നതാലി സ്‌കിവര്‍, അമേലിയ കെര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.
തകര്‍ന്നടിഞ്ഞ് ഗുജറാത്ത്:208 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ജയന്‍റ്‌സ് ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ തകര്‍ന്നടിയുകയായിരുന്നു. നായിക ബെത്ത് മൂണി റിട്ടയേര്‍ഡ് ഹര്‍ട്ട് ആയതിന് പിന്നാലെയാണ് ഗുജറാത്തിന്‍റെ തകര്‍ച്ച ആരംഭിച്ചത്. ഹര്‍ലീന്‍ ഡിയോള്‍ (0), സഭിനേനി മേഘ്‌ന (2), ആഷ്‌ലി ഗാര്‍ഡ്‌നെര്‍ (0), അന്നബെല്‍ സതര്‍ലന്‍ഡ് (6) എന്നിവര്‍ അതിവേഗം മടങ്ങിയത് ടീമിന് തിരിച്ചടിയായി.
ആറാമതായി ക്രീസിലെത്തിയ ദയാലന്‍ ഹേമലത മാത്രമായിരുന്നു പിടിച്ചുനിന്നത്. 23 പന്ത് നേരിട്ട ഹേമലത 29 റണ്‍സുമായി പുറത്താകാതെ നിന്നു. ഹേമലതയായിരുന്നു ഗുജറാത്തിന്‍റെ ടോപ് സ്‌കോറര്‍.
ഹേമലതയ്ക്ക് പുറമെ 10 റണ്‍സ് നേടിയ മോണിക്ക പട്ടേലാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു താരം. ജോര്‍ജിയ വരേഹം (8), സ്‌നേഹ റാണ (1), തനുജ കന്‍വാര്‍ (0), മന്‍സി ജോഷി (6) എന്നിവരാണ് പുറത്തായ മറ്റ് ഗുജറാത്ത് താരങ്ങള്‍.
27 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഗുജറാത്തിന് 7 വിക്കറ്റുകള്‍ നഷ്‌ടമായത്. ഒരു വശത്ത് നിന്ന് പൊരുതിയ ഹേമലതയായിരുന്നു ടീമിനെ 50 കടത്തി വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.
തകര്‍ത്തടിച്ച് ഹര്‍മന്‍പ്രീത് :ഉദ്‌ഘാടന മത്സരത്തില്‍ തകര്‍ത്തടിച്ച നായിക ഹര്‍മന്‍പ്രീത് കൗറിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത മുംബൈക്കായി 30 പന്ത് നേരിട്ട കൗര്‍ 65 റണ്‍സ് അടിച്ചുകൂട്ടി. 14 ഫോറുകള്‍ അടങ്ങുന്നതായിരുന്നു കൗറിന്‍റെ ഇന്നിങ്‌സ്.
ഓപ്പണര്‍ ഹെയ്‌ലി മാത്യൂസും ഇന്ത്യന്‍സിനായി മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. 31 പന്തില്‍ 47 റണ്‍സായിരുന്നു ഹെയ്‌ലിയുടെ സമ്പാദ്യം. അമേലിയ കെര്‍ 24 പന്തില്‍ 45 റണ്‍സ് നേടി പുറത്താകാതെ നിന്നു.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ യാസ്‌തിക ഭാട്ടിയക്ക് ഒരു റണ്‍ എടുക്കാനേ സാധിച്ചുള്ളൂ. സ്‌കിവര്‍ (23), പൂജ വസ്‌ത്രകാര്‍ (15), ഇസി വോങ് (6) എന്നിങ്ങനെയാണ് മറ്റ് മുംബൈ താരങ്ങളുടെ സ്‌കോര്‍. ഗുജറാത്തിന് വേണ്ടി സ്നേഹ റാണ രണ്ടും ആഷ്‌ലി ഗാര്‍ഡ്‌നെര്‍, തനുജ കന്‍വാര്‍, ജോര്‍ജിയ വറേം എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഗുജറാത്ത് ജയന്‍റ്‌സ്:ബെത്ത് മൂണി (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), സഭിനേനി മേഘ്‌ന, ഹര്‍ലീന്‍ ഡിയോള്‍, ആഷ്‌ലി ഗാര്‍ഡ്‌നെര്‍, അന്നബെല്‍ സതര്‍ലന്‍ഡ്, ദയാലന്‍ ഹേമലത, ജോര്‍ജ്യ വരേഹം, സ്‌നേഹ റാണ, തനുജ കന്‍വാര്‍, മോണിക്ക പട്ടേല്‍, മന്‍സി ജോഷി
മുംബൈ ഇന്ത്യന്‍സ്: യാസ്‌തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹെയ്‌ലി മാത്യൂസ്, നതാലിയ സ്‌കിവര്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്‌റ്റന്‍), അമേലിയ കെര്‍, പൂജ വസ്‌ത്രകാര്‍, ഇസി വോങ്, ഹുമൈറ കാസി, അമന്‍ജോത് കൗര്‍, ജിന്‍ഡിമണി കലിത, സൈക ഇഷാഖ്.