മുംബൈ: വനിത പ്രീമിയർ ലീഗിന്‍റെ ആദ്യ പതിപ്പിന് വർണാഭമായ തുടക്കം. മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന താരനിബിഡമായ ഉദ്‌ഘാടന ചടങ്ങിന് പിന്നാലെ അഞ്ച് ടീമുകളുടേയും ക്യാപ്റ്റൻമാർ വേദിയിലേക്കെത്തി ഡബ്ല്യുപിഎൽ ട്രോഫി അനാവരണം ചെയ്‌തു. അതേസമയം ഉദ്‌ഘാടന മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ജയന്‍റ്‌സ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ചു.
ബോളിവുഡ് താരങ്ങളായ കിയാര അദ്വാനി, കൃതി സനോണ്‍, പഞ്ചാബി ഗായികയും റാപ്പറുമായ എപി ധില്ലൻ എന്നിവർ തകർപ്പൻ പ്രകടനങ്ങളോടെയാണ് വനിത പ്രീമിയർ ലീഗിന്‍റെ ആദ്യ പതിപ്പിന് തുടക്കം കുറിച്ചത്. താരങ്ങളുടെ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ സ്റ്റേഡിയത്തെ ഇളക്കി മറിക്കുന്നതായിരുന്നു.
ഇവരുടെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് ടൂർണമെന്‍റിലെ അഞ്ച് ടീമുകളുടെയും ക്യാപ്‌റ്റൻമാർ വേദിയിലേക്കെത്തിയത്. സ്‌മൃതി മന്ദാന (റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ), ഹർമൻപ്രീത് കൗർ (മുംബൈ ഇന്ത്യൻസ്), മെഗ് ലാനിങ് (ഡൽഹി ക്യാപിറ്റൽസ്), ബെത്ത് മൂണി (ഗുജറാത്ത് ജയന്‍റ്‌സ്), അലീസ ഹീലി (യുപി വാരിയേഴ്‌സ്) എന്നിവർ ചേർന്നാണ് ഡബ്യൂപിഎൽ ട്രോഫി അനാവരണം ചെയ്‌തത്.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്‍റ് റോജർ ബിന്നി, വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല, സെക്രട്ടറി ജയ് ഷാ, ട്രഷറർ ആശിഷ് ഷെലാർ, ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കരുത്ത് കാട്ടാൻ പെണ്‍പട: ഇന്ത്യന്‍ വനിത ടീം നായിക ഹര്‍മന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തിലാണ് മുംബൈ ഇന്ത്യന്‍സ് ഉദ്‌ഘാടന പോരിനിറങ്ങുന്നത്. യാസ്‌തിക ഭാട്ടിയ, പൂജ വസ്‌ത്രകാര്‍ എന്നീ ഇന്ത്യന്‍ താരങ്ങളും ഇംഗ്ലണ്ടിന്‍റെ നാറ്റ് സ്‌കിവർ ബ്രണ്ടും ടീമിന്‍റെ കരുത്ത് കൂട്ടുന്നു. ഓസീസ് താരം ബെത്ത് മൂണിക്ക് കീഴിലാണ് ഗുജറാത്ത് മുംബൈയെ നേരിടുന്നത്. സ്‌നേഹ റാണ, ഹര്‍ലീന്‍ ഡിയോള്‍ എന്നീ താരങ്ങളും ടീമിന്‍റെ ശക്‌തി കേന്ദ്രങ്ങളാണ്.
ഞായറാഴ്‌ചയാണ് (5-3-2023) ടൂർണമെന്‍റിലെ ആദ്യ ഡബിൽ ഹെഡർ മത്സരങ്ങൾ നടക്കുക. ബ്രാബോണ്‍ സ്റ്റേഡിയത്തിൽ 3.30 ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. വൈകിട്ട് 7.30ന് ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ഗുജറാത്ത് ജയന്‍റ്‌സും യുപി വാരിയേഴ്‌സും തമ്മിൽ ഏറ്റുമുട്ടും.
5 ടീമുകൾ, 22 മത്സരങ്ങൾ: വനിത പ്രീമിയർ ലീഗിന്‍റെ ആദ്യ സീസണിൽ ഫൈനല്‍ ഉള്‍പ്പടെ ആകെ 22 മത്സരങ്ങളാണ് കളിക്കുക. മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലും ബ്രാബോൺ സ്റ്റേഡിയത്തിലുമായി 11 മത്സരങ്ങൾ വീതമാണ് നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമുകളും രണ്ട് തവണ ഏറ്റുമുട്ടും. അതില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടി ഒന്നാമതെത്തുന്ന ടീം നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കും.
രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മിലുള്ള എലിമിനേറ്ററിലെ വിജയികളാകും രണ്ടാം ഫൈനലിസ്റ്റുകള്‍. മാർച്ച് 21ന് ബ്രാബോൺ സ്റ്റേഡിയത്തിൽ യുപി വാരിയേഴ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരം. മാർച്ച് 24ന് ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് എലിമിനേറ്റർ മത്സരം. മാർച്ച് 26ന് ബ്രാബോൺ സ്റ്റേഡിയത്തിലാണ് ഫൈനൽ.