ഹാമിൽടണ്‍: വനിത ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. സ്‌മൃതി മന്ദാന, ഹർമൻപ്രീത് കൗർ എന്നിവരുടെ സെഞ്ച്വറി മികവിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 317 റണ്‍സ് നേടി. 119 പന്തിൽ 123 റണ്‍സുമായി സ്‌മൃതി മന്ദാന ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോൾ 107 പന്തിൽ 109 റണ്‍സുമായി ഹർമൻപ്രീത് കൗറും മിന്നിത്തിളങ്ങി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ സ്‌മൃതി മന്ദാനയും യാസ്‌തിക ഭാട്യയും ചേർന്ന് ആദ്യ ആറോവറിൽ 49 റണ്‍സ് അടിച്ചെടുത്തു. പിന്നാലെ ഭാട്യയുടെ(31) വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്‌റ്റൻ മിതാലി രാജ് അഞ്ച് റണ്‍സുമായി വളരെ വേഗം കൂടാരം കയറി.
പിന്നാലെയെത്തിയ ദീപ്‌തി ശർമ്മയും (15) മടങ്ങിയതോടെ ഇന്ത്യ 78-3 മൂന്ന് എന്ന നിലയിലേക്ക് വീണു. എന്നാൽ പിന്നീടൊന്നിച്ച മന്ദന- ഹർമൻപ്രീത് സഖ്യം ഇന്ത്യക്ക് 184 റണ്‍സിന്‍റെ പടുകൂറ്റൻ കൂട്ടുകെട്ട് സമ്മാനിച്ചു. 42-ാം ഓവറിലാണ് മന്ദാന പുറത്തായത്. പിന്നാലെ ഹർമൻപ്രീത് സെഞ്ച്വറി തികച്ചു.
ALSO READ:രാജസ്ഥാൻ റോയൽസിന് കരുത്തേകാൻ യോർക്കർ കിങ്; ലസിത് മലിംഗ ഫാസ്റ്റ് ബോളിങ് പരിശീലകൻ
റിച്ച ഘോഷ്(5), പൂജാ വസ്‌ത്രകർ(10), ജൂലൻ ഗോ സ്വാമി(2) എന്നിവർ പെട്ടന്ന് തന്നെ പുറത്തായപ്പോൾ സ്‌നേഹ റാണ(2), മേഘ്‌ന സിങ്(1) എന്നിവർ പുറത്താകാതെ നിന്നു. വെസ്റ്റിൻഡീസിനായി അനീസ മുഹമ്മദ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഷമീലിയ കോണൽ, ഹെയ്‍ലി മാത്യൂസ്, ഷക്കീര സെൽമാൻ, ദിയേന്ദ്ര ഡോട്ടിൻ, ആലിയ അലെയ്നി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.