ഓവല്‍:വനിത ആഷസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ ആവേശകരമായ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ആതിഥേയര്‍ ഓസീസ് വനിതകളെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 186 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 183 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.
ഓവലില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് വനിതകള്‍ ഡാനി വ്യാറ്റിന്‍റെ (Danni Wyatt) അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 46 പന്ത് നേരിട്ട് 76 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇംഗ്ലീഷ് നിരയില്‍ മറ്റാര്‍ക്കും തന്നെ 25ന് മുകളില്‍ റണ്‍സ് കണ്ടെത്താനായിരുന്നില്ല.
സോഫിയ ഡങ്ക്ലി (Sophia Dunkley), നതാലിയ സ്‌കിവര്‍ (Nat Sciver Brunt) എന്നിവര്‍ 23 റണ്‍സ് നേടി. സോഫി എക്ലസ്റ്റോണ്‍ (22), സാറാ ഗ്ലെന്‍ (10) എന്നിവരാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കണ്ട മറ്റ് ബാറ്റര്‍മാര്‍. ഓസ്‌ട്രേലിയക്ക് വേണ്ടി അനബെല്‍ സതര്‍ലന്‍ഡ് മൂന്നും ആഷ്‌ലി ഗാര്‍ഡ്‌നെര്‍ രണ്ടും വിക്കറ്റുകള്‍ നേടിയിരുന്നു.
187 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ക്യാപ്‌റ്റന്‍ അലീസ ഹീലിയും ബെത്ത് മൂണിയും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച ഇവര്‍ ഒന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏഴാം ഓവറിലെ രണ്ടാം പന്തില്‍ ഹീലിയെ (37) മടക്കി സാറ ഗ്ലെന്‍ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.