മൗണ്ട് മൗംഗനുയി(ന്യൂസിലന്‍ഡ്):ഏകദിന ക്രിക്കറ്റില്‍ 250 വിക്കറ്റുകള്‍ നേടുന്ന ആദ്യ വനിത താരമെന്ന നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് വെറ്ററൻ പേസർ ജുലൻ ഗോസ്വാമി. ഇതേക്കുറിച്ച് ജീവിതത്തില്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.
ഐസിസി വനിത ക്രിക്കറ്റ് ലോകകപ്പില്‍ ബേ ഓവലിൽ നടന്ന ലീഗ് മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ ടാമി ബ്യൂമൗണ്ടിനെ പുറത്താക്കിയാണ് ജുലന്‍റെ നേട്ടം. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് തോല്‍വി വഴങ്ങിയിരുന്നു. മത്സരം ഇന്ത്യയ്‌ക്ക് ജയിക്കാനായിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷിച്ചേനെയെന്നും ജുലന്‍ പറഞ്ഞു.
"കരിയര്‍ ആരംഭിച്ചത് മുതല്‍ ക്രിക്കറ്റിലെ വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിച്ചിട്ടില്ല. എല്ലായ്‌പ്പോഴും മൈതാനത്ത് ആത്മസമര്‍പ്പണം നടത്താനും, എന്‍റെ ഭാഗത്ത് നിന്ന് കൂടുതൽ സംഭാവന നൽകാനുമാണ് ആഗ്രഹിക്കുന്നത്.
എന്നാല്‍ ചില ദിവസങ്ങള്‍ നമ്മള്‍ക്ക് അനുകൂലമായിരിക്കില്ല. ചില ദിവസങ്ങളിൽ ഡെലിവർ ചെയ്യാൻ ആഗ്രഹിക്കുന്ന രീതിയിൽ പന്തെറിയുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ നിങ്ങൾ ഓരോ തവണയും പഠിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇതൊരിക്കലും അവസാനിക്കാത്ത പഠന പ്രക്രിയയാണ്." ജുലന്‍ പറഞ്ഞു.
വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല
''നിങ്ങൾ 20 വർഷമായി കളിക്കുകയാണെങ്കിൽ, ചില വ്യക്തിഗത നാഴികക്കല്ലുകൾ നേടുന്നത് നല്ലതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യക്ക് വേണ്ടിയുള്ള മത്സരങ്ങൾ വിജയിക്കുക എന്നതാണ് ഏറ്റവും പ്രധാനം. വിരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഈ നിമിഷം, ഞങ്ങൾ ഈ ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വളരെ പ്രധാനപ്പെട്ട മത്സരങ്ങളാണ് നടക്കുന്നത്. ടീമിലെ ഒരു മുതിർന്ന അംഗമെന്ന നിലയിൽ, എനിക്ക് കഴിയുന്നത്ര സംഭാവന നൽകാനാണ് ശ്രമിക്കുന്നത് '' ജുലന്‍ പറഞ്ഞു.
2002 ജനുവരിയിലാണ് താരം അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിച്ചത്. ഈ മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 350 വിക്കറ്റുകളെന്ന നേട്ടവും താരം സ്വന്തമാക്കിയിട്ടുണ്ട്. 199 ഏകദിനങ്ങളില്‍ നിന്ന് 250 വിക്കറ്റും, 44 ടെസ്റ്റ് വിക്കറ്റും 56 ടി20 വിക്കറ്റുമാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇതേവരെ താരത്തിന്‍റെ സമ്പാദ്യം. വനിത ഏകദിനത്തില്‍ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം കൂടിയാണ് ജുലന്‍.