പൂനെ: വനിത ടി20 ചലഞ്ച് ഫൈനലില്‍ സൂപ്പര്‍ നോവാസിനെതിരെ വെലോസിറ്റിക്ക് 166 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത സൂപ്പര്‍ നോവാസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 165 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ദേന്ദ്ര ഡോട്ടിന്‍റെ പ്രകടനമാണ് വെലോസിറ്റിക്ക് നിര്‍ണായകമായത്.
44 പന്തില്‍ 62 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (29 പന്തില്‍ 43), പ്രിയ പൂനിയ (29 പന്തില്‍ 28) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത സൂപ്പര്‍ നോവാസിന് മികച്ച തുടക്കമാണ് ഡോട്ടിനും പ്രിയ പൂനിയയും നല്‍കിയത്.
ഓപ്പണിങ് വിക്കറ്റില്‍ 73 റണ്‍സാണ് ഇരുവരും ടീം ടോട്ടലിലേക്ക് ചേര്‍ത്തത്. പ്രിയ പൂനിയയെ പുറത്താക്കി സിമ്രാന്‍ ബഹാദൂറാണ് വെലോസിറ്റിക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗറും മോശമാക്കിയില്ല.