മുംബൈ:വനിത ടി20 ചലഞ്ചില്‍ സൂപ്പര്‍നോവാസിനെതിരെ വെലോസിറ്റിക്ക് വിജയം. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസിനെ ഏഴ് വിക്കറ്റിനാണ് ദീപ്‌തി ശര്‍മയ്‌ക്ക് കീഴിലിറങ്ങിയ വെലോസിറ്റി കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത സൂപ്പര്‍നോവാസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ വെലോസിറ്റി മുന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 18.2 ഓവറില്‍ 151റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. ഷഫാലി വര്‍മ (33 പന്തില്‍ 51), ലോറ വോള്‍വാര്‍ഡ് (35 പന്തില്‍ പുറത്താവാതെ 51) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് വെലോസിറ്റിയുടെ വിജയം എളുപ്പമാക്കിയത്.
ക്യാപ്റ്റന്‍ ദീപ്തി ശര്‍മയും (25 പന്തില്‍ 24 ) പുറത്താവാതെ നിന്നു. യാസ്തിക ഭാട്ടിയ 13 പന്തില്‍ 17 റണ്‍സെടുത്തു. സൂപ്പര്‍നോവാസിന് വേണ്ടി ഡിയാന്‍ഡ്ര ഡോട്ടിന്‍ രണ്ട് വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പർനോവാസിനെ ക്യാപ്റ്റന്‍ ഹർമൻപ്രീത് കൗറിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 51 പന്തില്‍ 71 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. താനിയ ഭാട്ടിയ 32 പന്തില്‍ 36 റൺസെടുത്തപ്പോൾ സ്യൂൻ ലൂസ് 14 പന്തില്‍ 20 റൺസ് നേടി പുറത്താവാതെ നിന്നു. വെലോസിറ്റിക്കായ് കേറ്റ് ക്രോസ് നാലോവറിൽ 24 റൺസ് മാത്രം വഴങ്ങി രണ്ടുവിക്കറ്റെടുത്തു.
മൂന്ന് ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റാണിത്. നിലവിൽ ആദ്യ മത്സരം വിജയിച്ച വെലോസിറ്റിയാണ് പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ളത്. രണ്ട് മത്സരങ്ങളിൽ ഒരു വിജയവും ഒരു തോൽവിയുമുളള സൂപ്പർനോവാസ് രണ്ടാമതാണ്. ആദ്യ മത്സരം തോറ്റ ട്രെയ്ല്‍ബ്ലേസേഴ്‌സ് മൂന്നാമത്. സ്‌മൃതി മന്ദാനയാണ് ട്രെയ്ല്‍ബ്ലേസേഴ്‌സിനെ നയിക്കുന്നത്.