മുംബൈ :വിമൻസ് പ്രീമിയര്‍ ലീഗിന്‍റെ (ഡബ്ല്യുപിഎല്‍) പ്രഥമ പതിപ്പിന് മുന്നോടിയായി കോച്ചിങ് സ്റ്റാഫിനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. ഇംഗ്ലണ്ട് വനിത ടീം മുന്‍ ക്യാപ്റ്റന്‍ ഷാർലറ്റ് എഡ്വേർഡ്‌സാണ് ടീമിന്‍റെ മുഖ്യപരിശീലക. ഇന്ത്യയുടെ ഇതിഹാസ പേസര്‍ ജുലൻ ഗോസ്വാമി ടീം മെന്‍ററുടെയും ബൗളിങ് പരിശീലകയുടെയും ഇരട്ട വേഷം കൈകാര്യം ചെയ്യുമ്പോള്‍ രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഓൾറൗണ്ടർ ദേവിക പാൽഷികാറാണ് ബാറ്റിങ് പരിശീലക.
ഷാർലറ്റ് എഡ്വേർഡ്‌സ്, ജുലൻ ഗോസ്വാമി, ദേവിക എന്നിവരെ എംഐ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് നിത അംബാനി പറഞ്ഞു. "കളിക്കാർ എന്ന നിലയിൽ മാത്രമല്ല, പരിശീലകർ, അഡ്മിനിസ്ട്രേറ്റർമാർ, സപ്പോർട്ട് സ്റ്റാഫ് എന്നീ നിലകളിലും മികവ് പുലർത്തുന്ന നിരവധി സ്ത്രീകളെ കായികരംഗത്ത് കാണുന്നത് അതിശയകരമാണ്. ഇന്ത്യയിലെ വനിത കായികരംഗത്തിന് ഇത് ആവേശകരമായ സമയമാണ്.
നമ്മുടെ വനിത കായിക താരങ്ങൾ അന്താരാഷ്‌ട്ര വേദിയിൽ തുടർച്ചയായി രാജ്യത്തിന് അഭിമാനം നൽകിയിട്ടുണ്ട്. സ്‌പോർട്‌സിന്‍റെ ശക്തിയിലൂടെ കരുത്താര്‍ജിക്കുന്ന സ്‌ത്രീകള്‍ സന്തോഷവും ആഹ്ളാദവും പരത്തുകയും പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഇനിയും വലിയ ഉയരങ്ങൾ താണ്ടാൻ സാധ്യമായ എല്ലാ വഴികളിലും അവരെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്" - നിത അംബാനി വ്യക്തമാക്കി.
ഹാൾ ഓഫ് ഫെയിം ഷാർലറ്റ് :വനിത ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന താരമാണ് ഷാർലറ്റ് എഡ്വേർഡ്‌സ്. 20 വർഷങ്ങള്‍ നീണ്ട കരിയറില്‍ ഇംഗ്ലണ്ടിനെ ഏകദിന, ടി20ഐ ലോകകപ്പിലേക്ക് നയിക്കാന്‍ 43കാരിക്ക് കഴിഞ്ഞിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി, ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമുള്ള വിവിധ ടീമുകളെ പരിശീലിപ്പിക്കുകയാണവര്‍.
പരിശീലകയെന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഷാർലറ്റ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് വനിത ടി20 ലീഗിന് ഷാർലറ്റ് എഡ്വേർഡ്‌സ് കപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. 2022-ൽ ഐസിസി ഹാൾ ഓഫ് ഫെയിമിലും ഷാർലറ്റ് ഇടംനേടിയിരുന്നു.