ഹാമില്‍ട്ടണ്‍ : വനിത ലോകകപ്പില്‍ 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആദ്യ ജയം സ്വന്തമാക്കി പാകിസ്ഥാന്‍. വെസ്റ്റിന്‍ഡീസിനെ എട്ട് വിക്കറ്റിനാണ് പാക് പട കീഴടക്കിയത്.
മഴയെ തുടര്‍ന്ന് 20 ഓവറാക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 90 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ ഏഴ് പന്തുകള്‍ ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഓപ്പണര്‍മാരായ മുനീബ അലി (37 റണ്‍സ്), സിദ്ര അമീന്‍ (8 റണ്‍സ്) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ക്യാപ്റ്റന്‍ ബിസ്മ മറൂഫ് (20), ഒമൈമ സുഹൈല്‍ ( 22 ) എന്നിവര്‍ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ വിന്‍ഡീസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 89 റണ്‍സെടുത്തത്. സ്‌പിന്നര്‍ നിദാ ദറിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് അവരെ തകര്‍ത്തത്.
നാല് ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങിയാണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്. 27 റണ്‍സെടുത്ത ഓപ്പണര്‍ ദിയാന്ദ്ര ഡോട്ടിനാണ് വിന്‍റീസിന്‍റെ ടോപ് സ്‌കോറര്‍. അഞ്ച് ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല.
also read: ഇന്ത്യൻ വെൽസ് ഓപ്പണ്‍ : ഇഗാ സ്വിറ്റെകിന് കിരീടം ; സക്കാരി വീണു
അതേസയമം 2009 ല്‍ വിന്‍ഡീസിനെതിരെ തന്നെയായിരുന്നു പാക് സംഘം ലോകകപ്പില്‍ അവസാന ജയം പിടിച്ചത്. തുടര്‍ന്ന് 18 തോൽവികള്‍ക്ക് ശേഷമാണ് പാക് പട നാണക്കേടിന് അറുതി വരുത്തിയത്.