സിൽഹെറ്റ് :വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്‌ക്ക് 151 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ അറ് വിക്കറ്റ് നഷ്‌ടത്തിലാണ് 150 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ജെമിമ റോഡ്രിഗസിന്‍റെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് തുണയായത്.
53 പന്തില്‍ 76 റണ്‍സാണ് ജെമിമ റോഡ്രിഗസ് അടിച്ചെടുത്തത്. 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പിന്തുണ നല്‍കി. 30 പന്തില്‍ 33 റണ്‍സാണ് ഹര്‍മന്‍പ്രീത് നേടിയത്.
മോശം തുടക്കമാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. നാല് ഓവറുകള്‍ പിന്നിടുമ്പോഴേക്കും ഓപ്പണര്‍മാരായ ഷഫാലി വര്‍മ(7 പന്തില്‍ 6) , സ്‌മൃതി മന്ദാന (11 പന്തില്‍ 10) എന്നിവര്‍ തിരിച്ച് കയറിയിരുന്നു. ഈ സമയം 23 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്.
തുടര്‍ന്ന് ക്രീസിലൊന്നിച്ച ജമീമ-ഹര്‍മന്‍പ്രീത് സഖ്യം നിര്‍ണായകമായ 92 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. ഹര്‍മനെ പുറത്താക്കി ഒഷാദി രണസിന്‍ഹെയാണ് ലങ്കയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഹര്‍മന്‍പ്രീതും തിരിച്ചുകയറി.
റിച്ച ഘോഷ് (6 പന്തില്‍ 9), പൂജ വസ്‌ത്രാകര്‍ (2പന്തില്‍1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ദയാലൻ ഹേമലത (10 പന്തില്‍ 13), ദീപ്‌തി ശര്‍മ (1 പന്തില്‍ 1) എന്നിവര്‍ പുറത്താവാതെ നിന്നു. ലങ്കയ്‌ക്കായി ഒഷാദി രണസിന്‍ഹെ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സുഗന്ധിക കുമാരി, ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.