സിൽഹെറ്റ്: വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് ബാറ്റിങ്. ടോസ് നേടിയ മലേഷ്യന്‍ ക്യാപ്റ്റന്‍ വിനിഫ്രെഡ് ദുരൈസിങ്കം ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ശ്രീലങ്കന്‍ വനിതകള്‍ക്കെതിരെ തകര്‍പ്പന്‍ ജയം നേടിയാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും കളിക്കാനിറങ്ങുന്നത്.
ഈ മത്സരത്തിലെ ടീമില്‍ നിന്നും നാല് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. സ്‌മൃതി മന്ദാന, സ്നേഹ റാണ, പൂജ വസ്ത്രാകർ, രേണുക സിങ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. സബിനേനി മേഘ്‌ന, രാധ യാദവ്, മേഘ്‌ന സിങ്, രാജേശ്വരി ഗെയ്‌ക്‌വാദ് എന്നിവരാണ് പ്ലേയിങ് ഇലവനിലെത്തിയത്.
പാകിസ്ഥാനോട് ഒമ്പത് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയാണ് മലേഷ്യയെത്തുന്നത്. മറുവശത്ത് 41 റണ്‍സിനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ജയിച്ചിരുന്നത്. ബാറ്റുകൊണ്ട് ജമീമ റോഡ്രിഗസും ബോളുകൊണ്ട് ദയാലൻ ഹേമലതയും തിളങ്ങിയതോടെ ലങ്കയെ ചുരുട്ടിക്കൂട്ടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.
ടീമിലേക്കുള്ള തിരിച്ചുവരവ് അര്‍ധ സെഞ്ചുറി പ്രകടനത്തോടെയാണ് ജമീമ ആഘോഷിച്ചത്. 53 പന്തില്‍ 76 റണ്‍സാണ് ജെമിമ റോഡ്രിഗസ് നേടിയിരുന്നത്. പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും താരം പുറത്തായിരുന്നു.
ഇന്ത്യൻ വനിതകൾ: ഷഫാലി വർമ, സബിനേനി മേഘ്‌ന, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്‌റ്റന്‍), കെപി നവ്‌ഗിരെ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദയാലൻ ഹേമലത, ദീപ്‌തി ശർമ, രാധ യാദവ്, മേഘ്‌ന സിങ്, രാജേശ്വരി ഗെയ്‌ക്‌വാദ്.