സിൽഹെറ്റ്: വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനോട് ഞെട്ടിപ്പിക്കുന്ന തോല്‍വി. മൂന്ന് തുടര്‍വിജയങ്ങള്‍ക്ക് ശേഷം പാകിസ്ഥാനെതിരെ കളിക്കാനിറങ്ങിയ ഇന്ത്യ 13 റണ്‍സിനാണ് വീണത്. ആദ്യം ബാറ്റ് ചെയ്‌ത പാക് വനിതകള്‍ 138 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഉയര്‍ത്തിയത്.
മറുപടിക്കിറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ 124 റണ്‍സിന് പുറത്തായി. 13 പന്തില്‍ 26 റണ്‍സെടുത്ത റിച്ച ഘോഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയ്‌ക്ക് കരകയറാനായില്ല. 65 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടിരുന്നു.
തുടര്‍ന്നും തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നേടി പാക് ബോളര്‍മാര്‍ ഇന്ത്യയുടെ തോല്‍വി ഉറപ്പാക്കി. സ്‌മൃതി മന്ദാന (19 പന്തില്‍ 17), സബ്ബിനേനി മേഘന (14 പന്തില്‍ 15), ജെമീമ റോഡ്രിഗസ് (8 പന്തില്‍ 2), ദയാലൻ ഹേമലത (22 പന്തില്‍ 20), പൂജ വസ്ത്രകർ (8 പന്തില്‍ 5), ദീപ്‌തി ശർമ (11 പന്തില്‍ 16), ഹർമൻപ്രീത് കൗർ (12 പന്തില്‍ 12), രാധാ യാദവ് (4 പന്തില്‍ 3), രാജേശ്വരി ഗെയക്‌വാദ് (5 പന്തില്‍ 1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
രേണുക സിങ് (2 പന്തില്‍ 2) പുറത്താവാതെ നിന്നു. പാകിസ്ഥാനായി നഷ്റ സന്ധു നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സാദിയ ഇഖ്ബാൽ, നിദ ദാർ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ ഐമാൻ അൻവർ, തുബ ഹസ്സൻ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
റെക്കോഡ് പ്രകടനവുമായി നിദ:നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 137 റണ്‍സ് എടുത്തത്. അപരാജിത അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ നിദ ദാറിന്‍റെ പ്രകടനമാണ് പാകിസ്ഥാന് തുണയായത്. 37 പന്തില്‍ 56 റണ്‍സാണ് നിദ നേടിയത്.