ട്രിനിഡാഡ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഒരു അൺക്യാപ്പ് സ്പിന്നറെ പുതിയതായി ഉള്‍പ്പെടുത്തി 13 അംഗ ടീമിനെയാണ് വെസ്റ്റ് ഇന്‍ഡീസ് പ്രഖ്യാപിച്ചത്. ഡൊമനിക്കയിലെ വിസ്‌ഡര്‍ പാര്‍ക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയോട് ദയനീയ തോല്‍വി വഴങ്ങിയിരുന്നു.
ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ പുതിയ സൈക്കിളിന്‍റെ ഭാഗമായ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു ആതിഥേയരുടെ തോല്‍വി. ഇതോടെ ജൂലൈ 20-ന് ക്വീൻസ് പാർക്കിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ വിജയ വഴിയിലേക്ക് മടങ്ങിയെത്തി പരമ്പര സമനിലയിലാക്കാനാവും കരീബിയന്‍ ടീമിന്‍റെ ലക്ഷ്യം.
ഡൊമിനിക്കയിൽ ഇന്ത്യയോട് തോറ്റ ടീമിലെ ഭൂരിഭാഗം കളിക്കാരെയും വിന്‍സീസ് രണ്ടാം ടെസ്റ്റിലും നിലനിര്‍ത്തിയിട്ടുണ്ട്. ഓൾറൗണ്ടർ റെയ്‌മൺ റെയ്‌ഫറിന് ടീമില്‍ സ്ഥാനം നഷ്‌ടമായപ്പോള്‍ അണ്‍ ക്യാപ്‌ഡ് താരമായ ഓഫ് സ്പിന്നർ കെവിൻ സിൻക്ലെയറാണ് പ്രധാന സ്‌ക്വാഡിലെത്തിയത്. ആദ്യ ടെസ്റ്റില്‍ കളിക്കാനിറങ്ങിയ റെയ്‌മൺ റെയ്‌ഫര്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ രണ്ടും രണ്ടാം ഇന്നിങ്‌സില്‍ 11 റണ്‍സും മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ബോളിങ്ങിലാവട്ടെ താരത്തിന് വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം 23-കാരനായ കെവിൻ സിൻക്ലെയര്‍ ഇതിനകം ഏഴ് ഏകദിനങ്ങളിലും ആറ് ടി20 മത്സരങ്ങളിലും വിന്‍ഡീസിനായി കളിച്ചിട്ടുണ്ട്. സിംബാബ്‌വെയില്‍ അടുത്തിടെ നടന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് യോഗ്യത ടൂർണമെന്‍റിലാണ് താരം അവസാനമായി ടീമിനായി കളിച്ചത്. രണ്ടാം ടെസ്റ്റില്‍ അവസരം ലഭിച്ചാല്‍ എല്ലാ ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്താന്‍ താരത്തിന് കഴിയും.
ആദ്യ ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 150 റണ്‍സിന് പുറത്തായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 425 റണ്‍സ് എടുത്ത് ഡിക്ലെയര്‍ ചെയ്‌തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍ എന്നിവരുടെ സെഞ്ചുറിയും വിരാട് കോലിയുടെ അര്‍ധ സെഞ്ചുറി പ്രകടനവുമാണ് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചത്.