ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20-യിലൂടെയുള്ള സ്വപ്‌നതുല്യമായ അരങ്ങേറ്റമാണ് ഇന്ത്യയുടെ യുവ താരം തിലക് വര്‍മ നടത്തിയത്. ബാറ്റിങ് ഏറെ പ്രയാസകരമായ പിച്ചില്‍ നേരിട്ട രണ്ടും മൂന്നും പന്തുകളില്‍ സിക്‌സറിന് പറത്തിക്കൊണ്ടാണ് തിലക് തന്‍റെ വരവ് പ്രഖ്യാപിച്ചത്. പിന്നീടും പ്രഹരം തുടര്‍ന്ന താരം ആകെ മൂന്ന് സിക്‌സുകളും രണ്ട് ഫോറുകളും സഹിതം 22 പന്തുകളില്‍ 39 റണ്‍സ് നേടിക്കൊണ്ടാണ് പുറത്തായത്.
തിലകിന്‍റെ ഈ ബാറ്റിങ് മികവിനെ അകമഴിഞ്ഞ് പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ക്ലബ് ക്രിക്കറ്റിലോ അല്ലെങ്കില്‍ സംസ്ഥാന തലത്തിലോ കളിക്കുന്ന പോലെയായിരുന്നു തിലക് വിന്‍ഡീസിന് എതിരെ ബാറ്റ് ചെയ്‌തതെന്നാണ് വസീം ജാഫര്‍ പറയുന്നത്. "അവന്‍റെ ബാറ്റിങ് മികച്ചതായിരുന്നു. ആദ്യ അന്താരാഷ്‌ട്ര മത്സരം കളിക്കുന്നതിന്‍റെ ഒരു പതര്‍ച്ചയും അവനുണ്ടായിരുന്നില്ല.''
''തിലക് ബാറ്റിങ് തുടങ്ങിയ രീതി, അവൻ ഒരു ക്ലബ് ഗെയിം കളിക്കുകയാണോ അല്ലെങ്കിൽ തന്‍റെ സംസ്ഥാന ടീമിന് വേണ്ടി കളിക്കുകയാണോ എന്നാണ് തോന്നിച്ചത്. തീരെ സമ്മർദം ഉണ്ടായിരുന്നില്ല. അവന്‍ ക്രീസിലെത്തി തന്‍റെ സ്വതസിദ്ധമായ ശൈലിയിലാണ് ബാറ്റ് ചെയ്യാന്‍ തുടങ്ങിയത്. അത് ഏറെ മികച്ച കാര്യമായാണ് എനിക്ക് തോന്നുന്നത്. അവൻ മാനസികമായി വളരെ ശക്തനാണെന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. ഈ പിച്ചിൽ വളരെ കംഫർട്ടബിൾ ആയി കളിച്ചുവെന്ന് തോന്നിയത് അവൻ മാത്രമാണ്" - വസീം ജാഫര്‍ പറഞ്ഞു.
തിലക് വർമ കുറച്ച് സമയം കൂടെ ക്രീസില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ഇന്ത്യ മത്സരം ജയിക്കുമായിരുന്നുവെന്നും വസീം ജാഫർ കൂട്ടിച്ചേർത്തു. "അവന്‍ കളിച്ചതില്‍ വലിയ ഷോട്ടുകൾ മാത്രമല്ല, തേർഡ് മാനിലൂടെയുള്ള സ്ലൈസുകളും മറ്റ് ഷോട്ടുകളും അവന്‍ മികച്ച ഫോമിലായിരുന്നുവെന്ന് തന്നെയാണ് കാണിക്കുന്നത്.