ഡൊമനിക്ക : ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. വിന്‍ഡീസിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 150 റണ്‍സിന് മറുപടിയായി ഇന്ത്യ രണ്ടാം ദിനത്തില്‍ സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 312 റണ്‍സ് എന്ന നിലയിലാണ്. യശസ്വി ജയ്‌സ്വാളും ( 143*) വിരാട് കോലിയുമാണ് (36*) പുറത്താവാതെ നില്‍ക്കുന്നത്. നിലവില്‍ സ്‌പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന പിച്ചില്‍ വിന്‍ഡീസ് താരങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധയോടെയാണ് യശസ്വി ജയ്‌സ്വാളും വിരാട് കോലിയും കളിക്കുന്നത്.
ഇന്നിങ്‌സില്‍ നേരിട്ട 81-ാം പന്തിലാണ് വിരാട് കോലിക്ക് തന്‍റെ ആദ്യ ബൗണ്ടറി കണ്ടെത്താന്‍ കഴിഞ്ഞത്. സമ്മദര്‍മൊഴിഞ്ഞതിന്‍റെ അവേശം കൈകൾ ഉയർത്തിക്കൊണ്ടുള്ള ആഘോഷത്താല്‍ കോലി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്റ്റ് നിയമപരമായല്ല ബോള്‍ ചെയ്യുന്നതെന്ന് കോലി ആരോപിക്കുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. അനുവദനീയമായതിലും അധികം കൈമടക്കിയാണ് വിന്‍ഡീസിന്‍റെ പാര്‍ട്ട് ടൈം സ്പിന്നറായ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്റ്റ് പന്തെറിയുന്നതെന്ന് ക്രീസിലുണ്ടായിരുന്ന യശസ്വി ജയ്സ്വാളിനോട് വിരാട് കോലി വിളിച്ച് പറയുകയായിരുന്നു.
ഇക്കാര്യം താരം അമ്പയറോട് പരാതിപ്പെട്ടിട്ടില്ല. മത്സരത്തില്‍ ആറ് ഓവര്‍ പന്തെറിഞ്ഞ ബ്രാത്ത്‌വെയ്റ്റ് 12 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അതേസമയം ഇതാദ്യമായല്ല ബ്രാത്ത്‌വെയ്റ്റിന്‍റെ ബോളിങ് ആക്ഷന്‍ ചോദ്യം ചെയ്യപ്പെടുന്നത്. നേരത്തെ 2019-ൽ ഇന്ത്യ വെസ്റ്റ് ഇൻഡീസില്‍ പര്യടനം നടത്തുന്നതിനിടെ താരത്തിന്‍റെ ആക്ഷനെതിരെ പരാതി ഉയര്‍ന്നിരുന്നു. 2017-ലും ബ്രാത്ത്‌വെയ്റ്റിനെതിരെ സമാന പരാതി ഉണ്ടായിരുന്നുവെങ്കിലും ഐസിസി നടത്തിയ പരിശോധനയില്‍ താരത്തിന്‍റെ ബോളിങ് നിയമപരമാണെന്ന് വിലയിരുത്തുകയായിരുന്നു.