ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli) ബാറ്റു ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. എന്നാല്‍ തന്‍റെ മഹത്തരമായ കരിയറില്‍ ഒരു പുതിയ റെക്കോഡ് കൂടെ ചേര്‍ത്തിരിക്കുകയാണ് 35-കാരനായ താരം. മത്സരത്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ റൊമാരിയോ ഷെപ്പേർഡിനെ പുറത്താക്കാൻ വിരാട് കോലിക്ക് കഴിഞ്ഞിരുന്നു.
രവീന്ദ്ര ജഡേജയുടെ പന്തില്‍ സെക്കന്‍റ് സ്ലിപ്പില്‍ ഒറ്റക്കയിലായിരുന്നു കോലി റൊമാരിയോ ഷെപ്പേർഡിനെ പിടികൂടിയത്. ഏകദിന ക്രിക്കറ്റില്‍ വിരാട് കോലി നേടുന്ന 142-ാം ക്യാച്ചായിരുന്നുവിത്. ഇതോടെ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത ഫീല്‍ഡര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്താനും ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു.
ന്യൂസിലന്‍ഡിന്‍റെ മുന്‍ താരം റോസ് ടെയ്‌ലര്‍ക്കും ഏകദിനത്തില്‍ ഇത്രയും ക്യാച്ചുകളുണ്ട്. ശ്രീലങ്കയുടെ മുന്‍ താരം മഹേല ജയവര്‍ധനെയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 218 ക്യാച്ചുകളാണ് ലങ്കന്‍ താരം നേടിയിട്ടുള്ളത്. 160 ക്യാച്ചുകളുമായി ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 156 ക്യാച്ചുകളുമായി ഇന്ത്യയുടെ മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനാണ് കോലിക്ക് മുന്നിലുള്ള മറ്റൊരു താരം.
അതേസമയം ബാറ്റിങ് ഓര്‍ഡറില്‍ നടത്തിയ പരീക്ഷണത്തിന്‍റെ ഭാഗമായാണ് വിരാട് കോലി ബാറ്റു ചെയ്യാന്‍ ഇറങ്ങാതിരുന്നത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 23 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയിരുന്നു. ഇന്ത്യന്‍ സ്‌പിന്നര്‍മാരാണ് വിന്‍ഡീസിനെ കറക്കി വീഴ്‌ത്തിയത്. മൂന്ന് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ചൈനമെന്‍ ബോളര്‍ കുല്‍ദീപ് യാദവാണ് വിന്‍ഡീസിന് കനത്ത പ്രഹരം നല്‍കിയത്.