കേരളം

kerala

ETV Bharat / sports

WI vs IND | "അമ്മ വന്നിട്ടുണ്ട്, താങ്കൾ സെഞ്ച്വറി നേടുന്നത് കാണാൻ": സ്റ്റമ്പ് മൈക്ക് പിടിച്ച കോലിയും വിൻഡീസ് വിക്കറ്റ് കീപ്പറും തമ്മിലുള്ള സംഭാഷണം

ക്യൂന്‍സ് പാര്‍ക്കില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടണമെന്ന് വിരാട് കോലിയോട് വിന്‍ഡീസ് വിക്കറ്റര്‍ കീപ്പര്‍ ജോഷ്വാ ഡി സിൽവ.

WI vs IND  Virat Kohli  Virat Kohli Chat With joshua da silva  joshua da silva  joshua da silva on Virat Kohli  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  വിരാട് കോലി  ജോഷ്വാ ഡി സിൽവ
ജോഷ്വാ ഡി സിൽവ

By

Published : Jul 21, 2023, 7:31 PM IST

Updated : Jul 21, 2023, 9:39 PM IST

പോര്‍ട്ട് ഓഫ്‌ സ്‌പെയിന്‍:മൈതാനത്ത് എതിരാളികള്‍ പോലും ആരാധിക്കുന്ന പ്രതിഭയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലി. കരിയറില്‍ ഇതിനോടകം തന്നെ നിരവധിയായ റെക്കോഡുകള്‍ 35-കാരനായ താരം സ്വന്തം പേരിലാക്കായിട്ടുണ്ട്. നിലവില്‍ വെസ്‌റ്റ്‌ ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്‌ക്കായി മികച്ച രീതിയില്‍ ബാറ്റേന്തുകയാണ് വിരാട് കോലി.

തന്‍റെ അന്താരാഷ്‌ട്ര കരിയറിലെ 500-ാം മത്സരമാണ് വിരാട് കോലി വിന്‍ഡീസിനെതിരെ കളിക്കുന്നത്. മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ താരം 161 പന്തുകളില്‍ 87 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയാണ്. ഏറെ ക്ഷമയോടെ മികച്ച സാങ്കേതികതയില്‍ ഊന്നിയാണ് ഇതിഹാസ താരം തന്‍റെ ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്.

കരിയറിലെ നിര്‍ണായക മത്സരത്തില്‍ വിരാട് കോലിയുടെ ബാറ്റില്‍ നിന്നും സെഞ്ചുറി പിറക്കുന്നതിനായാണ് നിലവില്‍ ആരാധക ലോകം കാത്തിരിക്കുന്നത്. ഇക്കൂട്ടത്തില്‍ വിന്‍ഡീസിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ്വ ഡി സിൽവയുമുണ്ടെന്നതാണ് രസകരമായ കാര്യം. ഇക്കാര്യം ജോഷ്വ വിരാട് കോലിയോട് തുറന്ന് പറയുകയും ചെയ്‌തു. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത ഇരുവരും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കോലി ക്രീസിനെത്തിയത് മുതല്‍ക്ക് വിക്കറ്റിന് പിന്നിലുണ്ടായിരുന്ന ജോഷ്വ ഡി സിൽവ എന്തൊക്കെയോ പറയുന്നത് സ്റ്റംപ് മൈക്കിൽ കേള്‍ക്കാമായിരുന്നു. എന്നാൽ കോലി സെഞ്ചുറി നേടണമെന്ന താരത്തിന്‍റെ വാക്കുകള്‍ ഏവരേയും അത്ഭുതപ്പെടുത്തി. തന്‍റെ നാഴികകല്ലുകള്‍ ഭ്രമിപ്പിക്കുന്നുണ്ടോയെന്ന കോലിയുടെ ചോദ്യത്തിന് അതെ, നിങ്ങള്‍ സെഞ്ചുറി നേടണം എന്നാണ് വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ മറുപടി നല്‍കിയത്.

തുടര്‍ന്ന് കോലിയുടെ കളി കാണുന്നതിനായി തന്‍റെ അമ്മ ക്യൂന്‍സ് പാര്‍ക്കില്‍ വന്നിട്ടുണ്ടെന്നും ജോഷ്വ താരത്തോട് പറയുന്നുണ്ട്. "എന്‍റെ അമ്മ എന്നെ വിളിക്കുകയും മത്സരം കാണാനെത്തിയത് കോലിയുടെ കളികാണാന്‍ ആണെന്ന് പറയുകയും ചെയ്‌തു. എനിക്കത് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ല."- ജോഷ്വ ഡി സില്‍വ പറഞ്ഞു.

അതേസമയം മത്സരത്തിന്‍റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ നാലിന് 288 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. യശ്വസി ജയ്‌സ്വാള്‍ (74 പന്തുകളില്‍ 57), രോഹിത് ശര്‍മ (143 പന്തുകളില്‍ 80), ശുഭ്‌മാന്‍ ഗില്‍ (12 പന്തുകളില്‍ 10), അജിങ്ക്യ രാഹനെ (36 പന്തുകളില്‍ 8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. രവീന്ദ്ര ജഡേജയാണ് (84 പന്തുകളില്‍ 36*) കോലിക്ക് ഒപ്പം പുറത്താവാതെ നില്‍ക്കുന്നത്. ഇന്ന് മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ അഞ്ഞൂറാം അന്താരാഷ്‌ട്ര മത്സരത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വ റെക്കോഡ് സ്വന്തമാക്കാന്‍ വിരാട് കോലിക്ക് കഴിയും.

ALSO READ: Virat Kohli | കോലി വേറേ ലെവല്‍, വിജയത്തിന് പിന്നില്‍ ഇതാണ് കാരണം...ആകാശ് ചോപ്രയുടെ വിലയിരുത്തല്‍ ഇങ്ങനെ


Last Updated : Jul 21, 2023, 9:39 PM IST

ABOUT THE AUTHOR

...view details