പോര്‍ട്ട് ഓഫ് സ്പെയിന്‍: കരിയറിലെ 500-ാം അന്താരാഷ്‌ട്ര മത്സരത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡിടാന്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് കഴിഞ്ഞിരുന്നു. പോര്‍ട്ട് ഓഫ് സ്പെയിനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 206 പന്തുകളില്‍ 121 റണ്‍സായിരുന്നു വിരാട് കോലി അടിച്ചുകൂട്ടിയത്. 35-കാരനായ കോലിയുടെ കരിയറിലെ 76-ാം സെഞ്ചുറിയാണിത്.
അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിദേശമണ്ണിലെ വിരാട് കോലിയുടെ ആദ്യ സെഞ്ചുറിയെന്ന പ്രത്യേകതയും ഈ പ്രകടനത്തിനുണ്ട്. ഏറെ ശ്രദ്ധയോടെയും സാങ്കേതിക തികവോടെയുമായിരുന്നു താരം തന്‍റെ ഇന്നിങ്‌സ് പടുത്തിയര്‍ത്തിയത്. ഇപ്പോഴിതാ തന്‍റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്‌തനാണെന്ന് പ്രതികരിച്ചിരിക്കുകയാണ് 35-കാരന്‍.
ഏറെ ആസ്വദിച്ചാണ് താന്‍ ബാറ്റ് ചെയ്‌തതെന്നും വിരാട് കോലി പറഞ്ഞു. 'ക്യൂന്‍സ് പാര്‍ക്കില്‍ ഞാന്‍ ശരിക്കും ആസ്വദിച്ചുകൊണ്ടാണ് ബാറ്റ് വീശിയത്. വെല്ലുവിളി നിറഞ്ഞ സമയത്തായിരുന്നു എനിക്ക് ബാറ്റ് ചെയ്യേണ്ടി വന്നത്. ഔട്ട്ഫീൽഡ് മന്ദഗതിയിലായതിനാൽ എനിക്ക് ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നു. പിന്നീടാണ് നല്ല റിഥം ലഭിച്ചത്. എന്തെങ്കിലും തരണം ചെയ്യാനുണ്ടെങ്കിൽ, ഞാൻ ചാർജിലാവും.' - വിരാട് കോലി പറഞ്ഞു.
ഇന്ത്യക്കായി 500 മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതില്‍ കൃതാര്‍ഥനാണെന്നും ടീമിനായി ചിലതൊക്കെ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 'സ്വന്തം മണ്ണിലുള്ളതിനേക്കാള്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ ഞാന്‍ വിദേശത്താണ് നേടിയിട്ടുള്ളത്. 15 സെഞ്ചുറികള്‍ വിദേശ പിച്ചില്‍ നേടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കുറച്ച് അര്‍ധ സെഞ്ചുറികളും ഞാന്‍ വിദേശ പിച്ചുകളില്‍ നേടിയിട്ടുണ്ട്.'