മുംബൈ:വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ 2-0ന് പിന്നിലായതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. മൂന്നും നാലും ടി20കളില്‍ ആധികാരിക വിജയം നേടി പരമ്പര 2-2 എന്ന നിലയിലേക്ക് എത്തിക്കാനും സംഘത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ നിര്‍ണായകമായ അഞ്ചാം ടി20യില്‍ തോല്‍വി വഴങ്ങിയതോടെ ഇന്ത്യയ്‌ക്ക് 2-3ന് പരമ്പരയും കൈവിടേണ്ടി വന്നു.
ഇന്ത്യയ്‌ക്ക് എതിരെ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ടി20 പരമ്പര വിജയിക്കുന്നത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമിനും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കും എതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്. വിജയത്തിനായുള്ള ദാഹമോ പോരാട്ടവീര്യമോ ഇന്ത്യന്‍ ടീമില്‍ കാണാനില്ലെന്നാണ് അടുത്ത കാലത്ത് ഇന്ത്യയുടെ കടുത്ത വിമര്‍ശകനായ വെങ്കിടേഷ് പ്രസാദ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
ഇത് സംബന്ധിച്ച് വ്യത്യസ്ത ട്വീറ്റുകള്‍ പ്രസാദ് നടത്തിയിട്ടുണ്ട്. പലപ്പോഴും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് എന്താണ് ചെയ്യേണ്ടത് എന്ന ധാരണ പോലും ഇല്ലാത്തതായി തോന്നിയെന്നും അദ്ദേഹം എഴുതി. "ഇന്ത്യയ്ക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. വിജയത്തിനായുള്ള ദാഹമോ ആഗ്രഹമോ അവരില്‍ കാണാന്‍ കഴിയുന്നില്ല. പലപ്പോഴും ക്യാപ്റ്റന് എന്താണ് ചെയ്യേണ്ടത് എന്ന ധാരണ പോലും ഇല്ലാത്തതായി തോന്നി.
ബോളർക്ക് ബാറ്റ് ചെയ്യാനോ അതുപോലെ തന്നെ ബാറ്റര്‍മാര്‍ക്ക് ബോള്‍ ചെയ്യാനോ കഴിയില്ല. എല്ലാത്തിനും യെസ് പറയുന്ന, ഇഷ്‌ടക്കാരായ കളിക്കാരെയല്ല ടീമിലെടുക്കേണ്ടത്. മികവിനെ അടിസ്ഥാനപ്പെടുത്തി എപ്പോഴും ടീമിന്‍റെ വിശാലമായ താല്‍പര്യത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്"- വെങ്കിടേഷ് പ്രസാദ് വ്യക്തമാക്കി.