ഗയാന:ടി20യിലെ വമ്പന്‍ താരമാണെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ മോശം റെക്കോഡാണ് സൂര്യകുമാര്‍ യാദവിനുള്ളത്. തുടര്‍ച്ചയായി ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ വന്നതോടെ ഏകദിന ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കാനും സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിട്ടില്ല. താരത്തിന് ഇന്ത്യയുടെ ഏകദിന ടീമിന്‍റെ മധ്യനിരയില്‍ മുതല്‍ക്കൂട്ടാവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്‍റ്.
ഇതിന്‍റെ ഭാഗമായി ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയുടെ ഭാഗമായി വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും സൂര്യയ്‌ക്ക് പ്ലേയിങ് ഇലവനില്‍ ഇടം കിട്ടിയിരുന്നു. എന്നാല്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്നായി 78 റണ്‍സാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. പക്ഷെ, ടി20 പരമ്പരയിലേക്ക് എത്തിയപ്പോള്‍ സൂര്യ തന്‍റെ തനി ഗുണം കാണിച്ചു.
മൂന്നാം ടി20യില്‍ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായാണ് 32-കാരന്‍ കളം നിറഞ്ഞത്. ഇതിന് പിന്നാലെ ഏകദിനത്തിലെ തന്‍റെ പ്രകടനം വളരെ മോശമാണെന്ന് തുറന്ന് സമ്മതിക്കുന്നതില്‍ യാതൊരു മടിയുമില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. ലഭിക്കുന്ന അവസരങ്ങള്‍ ഉത്തരവാദിത്തമാക്കി മാറ്റാനും ടീമിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് ബാറ്റ് ചെയ്യാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സൂര്യകുമാര്‍ വ്യക്തമാക്കി.
വ്യത്യസ്‌ത ഫോര്‍മാറ്റ്:"ഞങ്ങള്‍ ഏറെയും ടി20 മത്സരങ്ങളാണ് കളിക്കുന്നത്. അതിനാല്‍ തന്നെ കളിക്കുന്ന ഏകദിന മത്സരങ്ങളുടെ എണ്ണവും കുറവാണ്. എന്നെ സംബന്ധിച്ച് അതൊരു വെല്ലുവിളി നിറഞ്ഞ ഫോര്‍മാറ്റ് കൂടിയാണ്. നേരത്തെ തന്നെ വിക്കറ്റുകള്‍ നഷ്‌ടപ്പെടുകയാണെങ്കില്‍, ടെസ്റ്റിലേത് പോലെ സമയമെടുത്ത് നിലയുറപ്പിച്ച് വേണം കളിക്കാന്‍. അവസാനത്തിലേക്ക് എത്തുമ്പോള്‍ മാത്രമാണ് ടി20യിലേത് പോലെ ഒരു സമീപനം ആവശ്യമായിട്ടുള്ളത്"- സൂര്യ പറഞ്ഞു.