പോര്‍ട്ട് ഓഫ് സ്‌പെയിന്‍ :വെസ്റ്റ് ഇന്‍ഡീസ് (West Indies) - ഇന്ത്യ (India) ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം സമനിലയില്‍. മഴയെ തുടര്‍ന്ന് അഞ്ചാം ദിവസം ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം സമനിലയില്‍ കലാശിച്ചത്. എങ്കിലും 1-0ന് പരമ്പര ഇന്ത്യ സ്വന്തമാക്കി.
പക്ഷേ ടെസ്റ്റ് റാങ്കിങ്ങിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം നിലവില്‍ തുലാസിലാണ്. ആഷസ് (Ashes) പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് (England) ഓസ്‌ട്രേലിയയെ (Australia) തോല്‍പ്പിച്ചാല്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കൂ. ലണ്ടനിലെ കെന്നിങ്‌ടണില്‍ ജൂലൈ 27നാണ് ഈ മത്സരം.
ക്വീന്‍സ് പാര്‍ക്ക് ഓവലിലെ അഞ്ചാം ദിനത്തിന്‍റെ തുടക്കം മുതല്‍ മഴയായിരുന്നു. എന്നാല്‍, ഇന്ത്യന്‍ സമയം രാത്രി 10:45ന് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ മത്സരം 67 ഓവര്‍ കളിക്കാനാകുമെന്നായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, വീണ്ടും കാലാവസ്ഥ അനുകൂലമല്ലാതായതോടെ രാത്രി 12:20ഓടെ മത്സരം ഉപേക്ഷിക്കുന്നതായി അറിയിക്കുകയായിരുന്നു.
അഞ്ചാം ദിവസം വിജയലക്ഷ്യത്തില്‍ നിന്ന് 289 റണ്‍സ് പിന്നിലായിരുന്നു ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റും സംഘവും. വിന്‍ഡീസിന്‍റെ എട്ട് വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യയ്‌ക്കും ജയം പിടിക്കാന്‍ സാധിക്കുമായിരുന്നു. അവസാന ദിവസം മഴയെടുത്തെങ്കിലും ചില തകര്‍പ്പന്‍ പ്രകടനങ്ങളാണ് ക്വീന്‍സ് പാര്‍ക്കിലെ ആദ്യ നാല് ദിനങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്.
'അഞ്ഞൂറാന്‍..' വിരാട് കോലി :അന്താരാഷ്‌ട്ര കരിയറില്‍ വിരാട് കോലിയുടെ (Virat Kohli) 500-ാം മത്സരമായിരുന്നു ഇത്. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച് ഇത് ആഘോഷമാക്കാന്‍ മുന്‍ ഇന്ത്യന്‍ നായകന് സാധിച്ചിരുന്നു. 121 റണ്‍സ് നേടിയ കോലി റണ്‍ ഔട്ട് ആവുകയായിരുന്നു.