പോര്‍ട്ട് ഓഫ് സ്‌പെയിന്‍ :വെസ്റ്റ് ഇന്‍ഡീസ് (West Indies) - ഇന്ത്യ (India) ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ആരംഭിക്കും. പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ (Queen's Park Oval) ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ജയം നേടിയ ഇന്ത്യ പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യവുമായാണിറങ്ങുക.
ഡൊമിനിക്കയില്‍ ഇന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം. മറുവശത്ത് കരുത്തരായ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കാനാകുമെന്നാണ് വിന്‍ഡീസിന്‍റെ പ്രതീക്ഷ.
ആശങ്കകള്‍ അധികമൊന്നുമില്ലാതെയാണ് ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. നായകന്‍ രോഹിത് ശര്‍മയും (Rohit Sharma) യശസ്വി ജയ്‌സ്വാളും (Yashasvi Jaiswal) ഫോമിലാണ് എന്നുള്ളത് ഇന്ത്യയ്‌ക്ക് പ്രതീക്ഷയാണ്. നാലാം നമ്പറില്‍ വിരാട് കോലി (Virat Kohli) ഫോമിലേക്കെത്തിയതും ടീമിന് ആശ്വാസം. വിരാട് കോലിയുടെ 500-ാം അന്താരാഷ്‌ട്ര മത്സരമെന്ന പ്രത്യേകതയും ടെസ്റ്റിനുണ്ട്.
ഇവരില്‍ പ്രധാനമായും യശസ്വി ജയ്‌സ്വാളിന്‍റെ ബാറ്റിങ്ങാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഡൊമിനിക്കയിലെ അരങ്ങേറ്റ ടെസ്റ്റില്‍ താരം സെഞ്ച്വറിയടിച്ചിരുന്നു. ഈ പ്രകടനം ക്വീന്‍സ് പാര്‍ക്കിലും താരം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ശുഭ്‌മാന്‍ ഗില്‍ (Shubman Gill), അജിങ്ക്യ രഹാനെ (Ajinkya Rahane) എന്നിവര്‍ മികവിലേക്ക് ഉയരാതിരുന്നത് മാത്രമാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് നിരാശ സമ്മാനിച്ച ഏക കാര്യം. പുജാരയുടെ മൂന്നാം നമ്പര്‍ സ്വന്തമാക്കാന്‍ ഗില്ലിന് ഈ മത്സരത്തില്‍ മികവ് കാട്ടേണ്ടതുണ്ട്. മറുവശത്ത് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ രഹാനെയും റണ്‍സ് അടിച്ചുകൂട്ടേണ്ടതുണ്ട്.