പോര്‍ട്ട് ഓഫ് സ്‌പെയിന്‍:ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ മഴ കളിച്ച മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ (India) ബൗളര്‍മാരെ വെള്ളം കുടിപ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് (West Indies). ക്ഷമയോടെയും കരുതലോടെയും ബാറ്റ് വീശിയ വിന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 229 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 209 റണ്‍സ് പിന്നിലാണ് ഇപ്പോഴും ആതിഥേയര്‍. 37 റണ്‍സുമായി അലിക്ക് അത്നാസെയും (Alick Athanaze) 11 റണ്‍സുമായി ജേസണ്‍ ഹോള്‍ഡറുമാണ് (Jason Holder) ക്രീസില്‍.
57 ഓവര്‍ മാത്രമാണ് മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ എറിയാന്‍ സാധിച്ചത്. 86-1 എന്ന നിലയിലാണ് വിന്‍ഡീസ് ബാറ്റിങ് പുനരാരംഭിച്ചത്. നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റും (Kraig Brathwaite) ക്രിക്ക് മക്കന്‍സിയും (Krik McKenzie) ചേര്‍ന്ന് ശ്രദ്ധയോടെ അവര്‍ക്കായി റണ്‍സ് കണ്ടെത്തി.
ടീം സ്‌കോര്‍ 117ല്‍ നില്‍ക്കെ മക്കെന്‍സിയെ (32) വിന്‍ഡീസിന് നഷ്‌ടപ്പെട്ടു. മുകേഷ് കുമാറാണ് (Mukesh Kumar) വിന്‍ഡീസ് മൂന്നാം നമ്പര്‍ താരത്തെ മടക്കിയത്. മുകേഷ് കുമാറിന്‍റെ ആദ്യ അന്താരാഷ്‌ട്ര വിക്കറ്റ് കൂടിയായിരുന്നുവിത്. പിന്നാലെ രസംകൊല്ലിയായി മഴയുമെത്തി. ഒരു മണിക്കൂറിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്. മത്സരത്തിന്‍റെ ആദ്യ സെഷനില്‍ 10.4 ഓവറില്‍ 31 റണ്‍സാണ് പിറന്നത്.
തുടര്‍ന്ന് രണ്ടാം സെഷനില്‍ മത്സരം ആരംഭിച്ചതോടെ ജെര്‍മെയ്‌ന്‍ ബ്ലാക്ക്‌വുഡ് (Jermaine Blackwood) ക്രീസിലെത്തി. നായകനൊപ്പം ചേര്‍ന്ന് ഒട്ടും ധൃതിയില്ലാതെ തന്നെ ബ്ലാക്ക്‌വുഡും റണ്‍സ് കണ്ടെത്തി. വിന്‍ഡീസ് ബാറ്റര്‍മാര്‍ ക്രീസില്‍ നങ്കൂരമിട്ടതോടെ ബ്രേക്ക് ത്രൂ ലഭിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നേ പണിപ്പെട്ടു.
ഇതിനിടെ വിന്‍ഡീസ് നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. സ്‌കോര്‍ 157-ല്‍ നില്‍ക്കെ ക്രീസില്‍ കോട്ട കെട്ടിയ ബ്രാത്ത്‌വെയ്‌റ്റിനെ വിന്‍ഡീസിന് നഷ്‌ടമായി. 73-ാം ഓവറില്‍ പന്തെറിയാനെത്തിയ രവിചന്ദ്രന്‍ അശ്വിന്‍ (Ravichandran Ashwin) വിന്‍ഡീസ് നായകനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
പുറത്താകുമ്പോള്‍ 235 പന്തില്‍ 75 റണ്‍സായിരുന്നു ബ്രാത്ത്‌വെയ്‌റ്റിന്‍റെ സമ്പാദ്യം. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. രണ്ടാം സെഷനില്‍ ഈ ഒരു വിക്കറ്റ് മാത്രമാണ് അവര്‍ക്ക് നഷ്‌ടമായത്.