പോര്‍ട്ട് ഓഫ് സ്‌പെയിന്‍ :വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) രണ്ടാം ടെസ്റ്റില്‍ ഇന്ത്യ (India) മികച്ച നിലയില്‍. നാല് വിക്കറ്റ് നഷ്‌ടത്തില്‍ 288 റണ്‍സാണ് മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ ഇന്ത്യ നേടിയത്. 87 റണ്‍സുമായി വിരാട് കോലിയും (Virat Kohli) 36 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുമാണ് (Ravindra Jadeja) ക്രീസില്‍. ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനത്തില്‍ ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.
പരമ്പരയില്‍ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ വിന്‍ഡീസിന് ഈ മത്സരം ഏറെ നിര്‍ണായകമാണ്. ഇനിയൊരു അവസരമില്ലാത്തതുകൊണ്ട് തന്നെ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. മത്സരത്തില്‍ ടോസ് ഭാഗ്യം തുണച്ചത് ആതിഥേയരെ ആയിരുന്നു.
ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയച്ചു. ആദ്യ മത്സരത്തിലെ ദുരന്തം ഒഴിവാക്കാന്‍ കൂടി ആയിരുന്നിരിക്കാം അത്തരത്തിലൊരു നീക്കം. എന്നാല്‍, തങ്ങളുടെ പദ്ധതിക്ക് അനുസരിച്ച പോലെ ആയിരുന്നില്ല വിന്‍ഡീസിന് കാര്യങ്ങള്‍ സംഭവിച്ചത്.
ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ശ്രദ്ധയോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. ഇതോടെ ഡൊമിനിക്ക ക്വീന്‍സ് പാര്‍ക്കിലും ആവര്‍ത്തിക്കുമെന്ന തോന്നലുണ്ടായി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ രണ്ട് പേരും സെഞ്ച്വറി നേടിയിരുന്നു.
ഇരുവരും ആദ്യ സെഷനില്‍ തന്നെ അര്‍ധ സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കി. രോഹിത് സാവധാനം റണ്‍സ് കണ്ടെത്താനായിരുന്നു ശ്രമിച്ചത്. മറുവശത്ത് ജയ്‌സ്വാള്‍ ആകട്ടെ ആക്രമിച്ചും പ്രതിരോധിച്ചും റണ്‍സ് കണ്ടെത്തി. ആദ്യ സെഷനുള്ളില്‍ തന്നെ ഈ കൂട്ടുകെട്ട് പൊളിക്കാന്‍ വിന്‍ഡീസിന് അവസരമുണ്ടായിരുന്നു.