പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്‌തമായ നിലയിൽ. ഒന്നാം ഇന്നിങ്‌സിൽ വെസ്റ്റ് ഇൻഡീസിനെ 255 റണ്‍സിന് എറിഞ്ഞൊതുക്കി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 98 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യക്കിപ്പോൾ 281 റണ്‍സിന്‍റെ ലീഡുണ്ട്. യശസ്വി ജയ്‌സ്വാൾ (37), ശുഭ്‌മാൻ ഗിൽ എന്നിവരാണ് ക്രീസിൽ. 57 റണ്‍സ് നേടിയ നായകൻ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്.
ഒന്നാം ഇന്നിങ്‌സിൽ വെസ്റ്റ് ഇൻഡീസിനെ 255 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 183 റണ്‍സിന്‍റെ ലീഡുമായാണ് രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയത്. ഇന്ത്യക്കായി ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും രോഹിത് ശർമയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 98 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
രോഹിത് ശർമയെ പുറത്താക്കി ഷാനോൻ ഗെബ്രിയേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 44 പന്തിൽ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉൾപ്പെടെ 57 റണ്‍സുമായാണ് രോഹിത് മടങ്ങിയത്. പിന്നാലെ ശുഭ്‌മാൻ ഗിൽ ക്രീസിലെത്തി. എന്നാൽ ഗിൽ ആദ്യ പന്ത് നേരിട്ടതിന് പിന്നാലെ മത്സരം തടസപ്പെടുത്തി മഴയുമെത്തി. ഇതോടെ ഇരു ടീമുകളും ഉച്ച ഭക്ഷണത്തിന് നേരത്തെ പിരിയുകയായിരുന്നു.
അഞ്ച് വിക്കറ്റുമായി സിറാജ് : ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 438 റണ്‍സ് പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസ് നാലാം ദിനം അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 229 റണ്‍സ് എന്ന നിലയിലാണ് ബാറ്റിങ് പുനരാരംഭിച്ചത്. എന്നാൽ ടീം ടോട്ടലിലേക്ക് വെറും 29 റണ്‍സ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ വിൻഡീസ് നിര ശേഷിച്ച അഞ്ച് വിക്കറ്റ് കൂടി നഷ്‌ടപ്പെടുത്തി 255 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ പേസർ മുഹമ്മദ് സിറാജാണ് വിൻഡീസിനെ എറിഞ്ഞിട്ടത്.
നാലാം ദിനം കളി തുടങ്ങി ആദ്യ ഓവറിൽ തന്നെ ക്രീസിലുണ്ടായിരുന്ന അലിക് അഥാനസേനെ (37) മുകേഷ് കുമാർ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ ജേസൻ ഹോർഡറെ (15) മുഹമ്മദ് സിറാജ് മടക്കി. സിറാജിന്‍റെ തൊട്ടടുത്ത ഓവറിൽ അൽസാരി ജോസഫും (4) പുറത്തായി. പിന്നാലെ കെമാർ റോച്ചിനെയും (4), ഷാനോൻ ഗബ്രിയേലിനേയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി സിറാജ് അഞ്ച് വിക്കറ്റ് പൂർത്തിയാക്കി.
ഏഴ് റണ്‍സുമായി ജൊമെൽ വാരിക്കെൻ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്റ്റ് (75), ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (33), കിര്‍ക് മക്കെന്‍സി (32), ജെറമൈന്‍ ബ്ലാക്ക്‌വുഡ് (20), ജോഷ്വാ ഡാ സില്‍സ (10) എന്നിവരുടെ വിക്കറ്റുകള്‍ മൂന്നാം ദിനം വിന്‍ഡീസിന് നഷ്‌ടമായിരുന്നു. ഇന്ത്യക്കായി സിറാജിനെക്കൂടാതെ മുകേഷ് കുമാർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റും വീഴ്‌ത്തി.