പോര്‍ട്ട് ഓഫ് സ്‌പെയിന്‍ :വെസ്റ്റ് ഇന്‍ഡീസ് (West Indies) ഇന്ത്യ (India) ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിന്‍റെ അവസാന ദിവസമായ ഇന്ന് (ജൂലൈ 24) വിന്‍ഡീസിന്‍റെ എട്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയാല്‍ ഇന്ത്യയ്‌ക്ക് ജയം സ്വന്തമാക്കാം. മറുവശത്ത് 289 റണ്‍സാണ് ആതിഥേയരായ വിന്‍ഡീസിന് ഇനി വേണ്ടത്.
നാലാം ദിനത്തില്‍ സ്റ്റമ്പെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 76 റണ്‍സ് ആണ് വെസ്റ്റ് ഇന്‍ഡീസ് നേടിയിട്ടുള്ളത്. 24 റണ്‍സുമായി തഗെനരൈന്‍ ചന്ദര്‍പോളും (Tagenarine Chanderpaul) 20 റണ്‍സ് നേടിയ ജെര്‍മെയിന്‍ ബ്ലാക്ക്‌വുഡുമാണ് (Jermaine Blackwood) ക്രീസില്‍. നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് (28), ക്രിക്ക് മക്കന്‍സി എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്ക് നഷ്‌ടമായത്.
ആദ്യ ഇന്നിങ്‌സില്‍ 183 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് കാഴ്‌ചവച്ചത്. നായകന്‍ രോഹിത് ശര്‍മയും (44 പന്തില്‍ 57) സ്ഥാനക്കയറ്റം കിട്ടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും (34 പന്തില്‍ 52*) ഇന്ത്യയ്‌ക്കായി അര്‍ധസെഞ്ച്വറികള്‍ നേടി. രണ്ടാം ഇന്നിങ്‌സില്‍ 24 ഓവര്‍ മാത്രം ബാറ്റ് ചെയ്‌ത ഇന്ത്യ 181-2 എന്ന നിലയില്‍ നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഇതോടെ 364 റണ്‍സിന്‍റെ ലീഡാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. 365 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് കരുതലോടെയാണ് ബാറ്റ് വീശിയത്. ഓപ്പണര്‍മാരായ തഗെനരൈന്‍ ചന്ദര്‍പോളും നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 18 ഓവറില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 52 പന്തില്‍ 28 റണ്‍സ് നേടിയ ബ്രാത്ത്‌വെയ്‌റ്റിനെ വീഴ്‌ത്തി രവിചന്ദ്രന്‍ അശ്വിനാണ് (Ravichandran Ashwin) ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.