ബാര്‍ബഡോസ്:വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് (India) തോല്‍വി. കെന്‍സിങ്‌ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ 182 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റും 80 പന്തും ശേഷിക്കെയാണ് ആതിഥേയര്‍ മറികടന്നത്. നായകന്‍ ഷായ് ഹോപ്പിന്‍റെ (Shai Hope) അര്‍ധ സെഞ്ച്വറിയും കെസി കാര്‍ട്ടിയുടെ (Keacy Carty) തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് മത്സരത്തില്‍ വിന്‍ഡീസിന് ജയം സമ്മാനിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയിലാക്കാനും ആതിഥേയര്‍ക്കായി.
ഷായ് ഹോപ്പിന്‍റെ അനുഭവ സമ്പത്താണ് ഈ മത്സരത്തില്‍ വിന്‍ഡീസിന് മുതല്‍ക്കൂട്ടായാതെന്ന് പറയാന്‍ സാധിക്കും. ശ്രദ്ധയോടെ ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടുകൊണ്ടായിരുന്നു ഹോപ് ആതിഥേയര്‍ക്കായി റണ്‍സ് കണ്ടെത്തിയത്. മത്സരത്തില്‍ 80 പന്ത് നേരിട്ട ഹോപ് പുറത്താകാതെ 63 റണ്‍സ് നേടിയിരുന്നു. രണ്ട് വീതം ഫോറും സിക്‌സറുകളും അടങ്ങിയതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
താരതമ്യേന ചെറിയൊരു വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിനായി ഓപ്പണര്‍മാരായ കയില്‍ മയേഴ്‌സും (Kyle Mayers), ബ്രാണ്ടന്‍ കിങ്ങും (Brandon King) ചേര്‍ന്ന് തരക്കേടില്ലാതെ തുടങ്ങി. മയേഴ്‌സ് ഇന്ത്യന്‍ ബൗളര്‍മാരെ ആക്രമിച്ച് കളിച്ചപ്പോള്‍ സാവധാനം റണ്‍സ് കണ്ടെത്തായിരുന്നു ബ്രാണ്ടന്‍ കിങ്ങിന്‍റെ ശ്രമം. അങ്ങനെ, ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 53 റണ്‍സ് സ്‌കോര്‍ബോര്‍ഡിലെത്തിച്ചു.
9-ാം ഓവര്‍ എറിയാനെത്തിയ ശര്‍ദുല്‍ താക്കൂറാണ് (Shardul Thakur) മയേഴ്‌സിനെ (28 പന്തില്‍ 36) ഉമ്രാന്‍ മാലിക്കിന്‍റെ കൈകളിലെത്തിച്ച് ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അതേ ഓവറില്‍ തന്നെ ബ്രാണ്ടന്‍ കിങ്ങും വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നാലെ എത്തിയ അലിക്ക് അതനാസെയ്‌ക്കും ഷിംറോണ്‍ ഹെറ്റ്‌മെയറിനും അധികം ആയുസുണ്ടായിരുന്നില്ല.
6 റണ്‍സുമായി അതനാസെയും 9 റണ്‍സുമായി ഹെറ്റ്‌മെയറും മടങ്ങിയതോടെ ജയം സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയും ഇന്ത്യയ്‌ക്കുണ്ടായി. എന്നാല്‍, അഞ്ചാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഹോപ്പും കെസി കാര്‍ട്ടിയും ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. ഇരുവരുടെയും 91 റണ്‍സ് അപരാജിത കൂട്ടുകെട്ടാണ് ആതിഥേയരെ ജയത്തിലേക്ക് നയിച്ചത്.