ബാര്‍ബഡോസ്:വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന സീരീസും ലക്ഷ്യമിട്ട് ടീം ഇന്ത്യ (India) ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്ക് ബാര്‍ബഡോസിലെ (Barbados) കെന്‍സിങ്ടണ്‍ ഓവലിലാണ് (Kensington Oval) പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ വമ്പന്‍ പരീക്ഷണം നടത്തി വിന്‍ഡീസിനെതിരെ അഞ്ച് വിക്കറ്റിന് ജയം നേടാനായതിന്‍റെ ആത്മവിശ്വാസത്തിലായിരിക്കും രോഹിത് ശര്‍മയും (Rohit Sharma) സംഘവും ഇന്ന് ഇറങ്ങുന്നത്.
വമ്പന്‍ പരീക്ഷണങ്ങളായിരുന്നു ബാര്‍ബഡോസില്‍ തന്നെ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നടത്തിയത്. ടോസ് നേടി ആദ്യം ബൗള്‍ ചെയ്‌ത ഇന്ത്യ സ്‌പിന്നര്‍മാരുടെ കരുത്തില്‍ വിന്‍ഡീസിനെ 23 ഓവറില്‍ 114 റണ്‍സില്‍ എറിഞ്ഞിട്ടിരുന്നു. മറുപടി ബാറ്റിങ്ങില്‍ സര്‍പ്രൈസ് മാറ്റങ്ങളാണ് ടീം ഇന്ത്യ നടത്തിയത്.
ഇന്ത്യയ്‌ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌തിരുന്ന നായകന്‍ രോഹിത് ശര്‍മ ആദ്യ മത്സരത്തില്‍ ഏഴാം നമ്പറിലാണ് ബാറ്റ് ചെയ്യാന്‍ എത്തിയത്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ആ മത്സരത്തില്‍ ബാറ്റ് ചെയ്‌തിരുന്നില്ല. നാലാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ സ്ഥാനം പിടിച്ച ഇഷാന്‍ കിഷനായിരുന്നു ശുഭ്‌മാന്‍ ഗില്ലിനൊപ്പം ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌തത്.
ഇന്ന് (ജൂലൈ 29) നടക്കുന്ന രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ടീം പരീക്ഷണം ആവര്‍ത്തിക്കുമോയെന്നാണ് ആരാധകരുടെ ചിന്ത. അങ്ങനെ വന്നാല്‍, മലയാളിതാരം സഞ്ജു സാംസണ്‍ (Sanju Samson) ഇന്ന് പ്ലെയിങ് ഇലവനിലേക്ക് എത്തുമോയെന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. ഇഷാന്‍ കിഷന്‍ മികവ് തുടരുന്ന സാഹചര്യത്തില്‍ വിക്കറ്റ് കീപ്പറായി സഞ്‌ജു ടീമിലേക്ക് എത്താന്‍ സാധ്യതയില്ല.
ഈ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിനെ മാറ്റിനിര്‍ത്തുകയാണെങ്കില്‍ മാത്രമായിരിക്കും സഞ്ജുവിന് ടീമിലേക്ക് എത്താന്‍ കഴിയുക. ഇന്നും കളിക്കാന്‍ കഴിയില്ലെങ്കില്‍ സഞ്ജുവിന്‍റെ ലോകകപ്പ് മോഹങ്ങള്‍ തുലാസിലാകാന്‍ സാധ്യതയുണ്ട്. ബൗളിങ് നിരയില്‍ ഇന്ന് കാര്യമായ മാറ്റങ്ങളൊന്നും ഇന്ന് ഉണ്ടായേക്കില്ല.