ട്രിനിഡാഡ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 സ്‌ക്വാഡില്‍ അപ്രതീക്ഷിതമായാണ് മലയാളി ബാറ്റര്‍ സഞ്‌ജു സാംസണ്‍ ഉള്‍പ്പെട്ടത്. ഏകദിന പരമ്പരയുടെ മാത്രം ഭാഗമായിരുന്ന താരം കെഎല്‍ രാഹുലിന് പകരക്കാരനായാണ് ടീമില്‍ ഉള്‍പ്പെട്ടത്. റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നീ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും സ്ക്വാഡിന്‍റെ ഭാഗമാണ്.
ഇതോടെ പ്ലെയിങ് ഇലവനില്‍ താരത്തിന് ഇടം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ പ്രവര്‍ത്തികൊണ്ട് തന്‍റെ ഹൃദയം തൊട്ട സഞ്‌ജുവിനെക്കുറിച്ചുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ടി20 മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇന്ത്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകനായ വിമല്‍ കുമാറാണ് സഞ്ജുവിന്‍റെ പെരുമാറ്റത്തെ പുകഴ്‌ത്തിയത്. 'മനുഷ്യത്വത്തെ കുറിച്ചാണ്' താന്‍ പറയാന്‍ പോകുന്നത് എന്ന് പറഞ്ഞ് ആരംഭിക്കുന്ന വീഡിയോയില്‍ സഞ്ജു തന്നോട് കാണിച്ച സ്നേഹത്തെയും കരുതലിനെയും കുറിച്ചാണ് അദ്ദേഹം വിശദീകരിക്കുന്നത്.
ഐപിഎല്ലില്‍ സഞ്‌ജുവിന്‍റെ ടീമായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പ്രസ്‌തുത വീഡിയോ പങ്കുവച്ചിട്ടുണ്ട്. ടി20 മത്സരം നടക്കുന്ന ദൂരത്തെക്കുറിച്ച് സഞ്‌ജുവുമായി സംസാരിച്ചപ്പോള്‍, തങ്ങളുടെ ഒപ്പം വരാന്‍ താരം പറഞ്ഞതായി വിമല്‍ കുമാര്‍ പറയുന്നു.