ഫ്ലോറിഡ :വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്‍റെ വിജയം തൂക്കിയിരുന്നു. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ മിന്നും വിജയത്തിലേക്ക് നയിച്ചത്. ബാറ്റിങ്ങിന് അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിലെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് മലയാളി താരം സഞ്ജു സാംസണും (Sanju Samson) ശ്രദ്ധേയനായി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇഷാന്‍ കിഷനെ പുറത്തിരുത്തിക്കൊണ്ടായിരുന്നു വിക്കറ്റ് കീപ്പിങ് ഗ്ലൗ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സഞ്‌ജുവിനെ ഏല്‍പ്പിച്ചത്. ചേസിങ്ങിന് മോശം റെക്കോഡുള്ള ഫ്ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ ടോസ് നഷ്‌ടപ്പെട്ടതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ മുഖത്ത് നിരാശ കാണാമായിരുന്നു.
നേരത്തെ ഇവിടെ നടന്ന 13 ടി20കളില്‍ 11ലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്‌ത ടീമാണെന്ന കണക്കായിരുന്നു ഹാര്‍ദിക്കിന്‍റെ ആശങ്കയ്‌ക്ക് കാരണം. സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യമെന്ന് ആദ്യ ഓവറില്‍ തന്നെ വിന്‍ഡീസ് വ്യക്തമാക്കിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്‌തമായി ആദ്യ ഓവര്‍ എറിയാനെത്തിയ സ്‌പിന്നര്‍ അക്‌സര്‍ പട്ടേലിനെ കടന്നാക്രമിച്ചുകൊണ്ട് വിന്‍ഡീസ് ഓപ്പണര്‍ കെയ്‌ല്‍ മെയേഴ്‌സാണ് (Kyle Mayers) തങ്ങളുടെ നയം പ്രഖ്യാപിച്ചത്.
14 റണ്‍സായിരുന്നു ഈ ഓവറില്‍ പിറന്നത്. ഇതോടെ തൊട്ടടുത്ത ഓവറില്‍ പേസര്‍ അര്‍ഷ്‌ദീപ് സിങ്ങിനെ (Arshdeep Singh) പന്തേല്‍പ്പിച്ച് ഹാര്‍ദിക് തന്ത്രം മാറ്റി. നാലാം പന്തില്‍ തന്നെ മെയേഴ്‌സിനെ തിരിച്ചയച്ച താരം ടീമിന് ആശ്വാസം നല്‍കുകയും ചെയ്‌തു. ഈ വിക്കറ്റിന്‍റെ ക്രെഡിറ്റ് തകര്‍പ്പന്‍ ക്യാച്ചെടുത്ത സഞ്‌ജുവിന് കൂടി അവകാശപ്പെട്ടതായിരുന്നു.