ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാല് റണ്‍സിനാണ് കീഴടങ്ങിയത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 15-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 113-4 എന്ന സ്കോറിലായിരുന്നു ഇന്ത്യയുണ്ടായിരുന്നത്.
ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും സഞ്‌ജു സാംസണും ക്രീസില്‍ നില്‍ക്കെ 30 പന്തുകളില്‍ വിജയത്തിനായി സന്ദര്‍ശകര്‍ക്ക് വേണ്ടിയിരുന്നത് 37 റണ്‍സ് മാത്രവും. എന്നാല്‍, ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ 16-ാം ഓവറില്‍ വീണ രണ്ട് വിക്കറ്റുകളാണ് കളി വിന്‍ഡീസിന് അനുകൂലമാക്കിയത്. ഓവറിന്‍റെ ആദ്യ പന്തില്‍ ഹാര്‍ദിക്കിനെ ഹോള്‍ഡര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. രണ്ട് പന്തുകള്‍ക്കപ്പുറം സഞ്‌ജുവിനെയും മടക്കിയ വിന്‍ഡീസ് കളി തിരിച്ചു.
തീര്‍ത്തും നിര്‍ഭാഗ്യകമായ രീതിയിലായിരുന്നു സഞ്‌ജുവിന്‍റെ പുറത്താവല്‍. ഹാര്‍ദിക്കിന് പകരമെത്തിയ അക്‌സര്‍ പട്ടേല്‍ സമ്മര്‍ദത്തിലായിരുന്നു. ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ കഴിയാതിരുന്ന താരം അടുത്ത പന്തില്‍ അതിവേഗ സിംഗിളിന് ശ്രമം നടത്തി. അക്‌സര്‍ കവറിലേക്ക് കളിച്ച പന്ത് നേരെ കെയ്ല്‍ മെയേഴ്‌സ് ഓടിപ്പിടിച്ചു. പിന്നീട് ഞൊടിയിടയില്‍ താരം സ്ട്രൈക്കിങ് എന്‍ഡിലെ ബെയ്‌ല്‍സ് എറിഞ്ഞിളക്കുമ്പോള്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്രീസിന് പുറത്തായിരുന്നു സഞ്‌ജു. പിന്നീടെത്തിയ താരങ്ങള്‍ക്ക് സമ്മര്‍ദം അതിജീവിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇന്ത്യ തോല്‍വിയിലേക്ക് വീണത്. സഞ്‌ജു ക്രീസിലുണ്ടായിരുന്നുവെങ്കില്‍ മത്സരത്തിന്‍റെ ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് ആരാധകരില്‍ പലരും പറയുന്നത്.